ഷമിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടോ? ചോദ്യമുയര്‍ത്തി മുന്‍ താരം
Cricket
ഷമിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടോ? ചോദ്യമുയര്‍ത്തി മുന്‍ താരം
ഫസീഹ പി.സി.
Tuesday, 7th April 2026, 9:53 pm

സൂപ്പര്‍ താരം മുഹമ്മദ് ഷമിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നുണ്ടോയെന്ന ചോദ്യമുയര്‍ത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഷമി ഐ.പി.എല്ലില്‍ ഇതിനകം തന്റെ മികച്ച സ്‌പെല്‍ പുറത്തെടുത്തിട്ടുണ്ടെന്നും ഇനി എന്നാണ് താരത്തിന് ക്രെഡിറ്റ് നല്‍കുകയെന്നത് വലിയ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ വാശിയേറിയ ടൂര്‍ണമെന്റായ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ ഒമ്പത് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തത് അവിശ്വസനീയമാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ആരും താരത്തെ ആഘോഷിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘നമ്മള്‍ മുഹമ്മദ് ഷമിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നുണ്ടോ? എന്നാണ് നമ്മളെ അവന് ക്രെഡിറ്റ് നല്‍കി തുടങ്ങുക എന്നത് വലിയ ചോദ്യമാണ്. എന്തുകൊണ്ടാണ് നമ്മള്‍ അവനെ ആഘോഷിക്കാത്തത്?

സെലക്ടര്‍മാര്‍ ഷമിയെ തെരഞ്ഞെടുക്കാത്തപ്പോള്‍ അവന്റെ ഫിറ്റ്‌നസിലോ മറ്റ് കാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടിരിക്കാമെന്ന് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഐ.പി.എല്ലില്‍ തിളങ്ങിയാല്‍ അവനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വാശിയേറിയ ലീഗാണ് ഐ.പി.എല്‍. അവിടെ എതിര്‍ ടീമുകളുടെ നിലവാരം കുറവാണെന്ന് ആരും ഒരിക്കലും പറയില്ല. അത്തരമൊരു സാഹചര്യത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഷമി നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയത് അവിശ്വസനീയമാണ്. 18 ഡോട്ട് ബോളുകള്‍ ഉണ്ടായിരുന്നുവെന്നതും അവന്റെ മികവാണ് തെളിയിക്കുന്നത്. ഇതില്‍ പരം എന്താണ് വേണ്ടത്?,’ ചോപ്ര പറഞ്ഞു.

ഏപ്രില്‍ അഞ്ചിന് ടൂര്‍ണമെന്റില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – സണ്‍റൈസേഴ്സ് ഹൈദരബാദ് മത്സരത്തില്‍ മുഹമ്മദ് ഷമി മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം വിട്ടുനല്‍കിയത് വെറും ഒമ്പത് റണ്‍സായിരുന്നു. രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 18 ഡോട്ട് ബോളുകള്‍ എറിഞ്ഞ പേസറുടെ എക്കോണമി 2.25 ആയിരുന്നു.

മുഹമ്മദ് ഷമി.

ഏറെ കാലമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു മത്സരം പോലും കളിക്കാത്ത താരമാണ് ഷമി. ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം മികവാര്‍ന്ന പ്രകടനം നടത്തിയിട്ടും താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Content Highlight: Akash Chopra questioned when Mohammed Shami would be given credit for his performance in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി