ലാലേട്ടന്റെ ഒഫിഷ്യല്‍ ഫാന്‍ ബോയ് ആയതുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു കാര്യം ചെയ്തത്, മറ്റ് നടന്മാരെ ഒഫന്‍ഡ് ചെയ്യലല്ല അത്: അജു വര്‍ഗീസ്
Entertainment
ലാലേട്ടന്റെ ഒഫിഷ്യല്‍ ഫാന്‍ ബോയ് ആയതുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു കാര്യം ചെയ്തത്, മറ്റ് നടന്മാരെ ഒഫന്‍ഡ് ചെയ്യലല്ല അത്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 11:00 am

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജു വര്‍ഗീസിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകവേഷവും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് അജു സമീപകാലത്ത് തെളിയിച്ചു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് അജു വര്‍ഗീസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തുടരും സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിന്റെ ആരാധകരെ സ്ലീപ്പര്‍ സെല്‍ എന്ന് അഭിസംബോധന ചെയ്തിരുന്നെന്നും താനും അതില്‍ പെടുന്നയാളാണെന്നും അജു പറഞ്ഞു.

മോഹന്‍ലാലിന്റെ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ അതിനെ പരമാവധി ആഘോഷിക്കുന്നവരാണ് തങ്ങളടക്കമുള്ളവരെന്നും താരം കൂട്ടിച്ചേര്‍ത്തു. ലവ് ആക്ഷന്‍ ഡ്രാമ താനാണ് നിര്‍മിച്ചതെന്നും ആ പ്രൊഡക്ഷന്‍ ഹൗസിന്റെ ഇന്‍ട്രോ പോലും മോഹന്‍ലാലിനോടുള്ള ആദരസൂചകമായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘തരുണ്‍ അന്ന് പറഞ്ഞത് എന്നെപ്പോലെയുള്ളവരെ ഉദ്ദേശിച്ചാണ്. ലാലേട്ടന്റെ ഒരു സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ അതിനെ പരമാവധി ആഘോഷിക്കുന്നവരെ സ്ലീപ്പര്‍ സെല്‍സ് എന്നാണ് തരുണ്‍ അന്ന് വിളിച്ചത്. അത് സത്യമായിട്ടുള്ള കാര്യമാണ്. കാരണം, ഞാനൊക്കെ കണ്ടു വളര്‍ന്നത് ലാലേട്ടനെയാണ്.

ലവ് ആക്ഷന്‍ ഡ്രാമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും ഫന്റാസ്റ്റിക് ഫിലിംസ് എന്ന് പേരിട്ടപ്പോഴും ലാലേട്ടനെ എങ്ങനെയെങ്കിലും ഇതിലേക്ക് കണക്ട് ചെയ്യിക്കണമെന്നായിരുന്നു ചിന്ത. അങ്ങനെയാണ് ആ ഇന്‍ട്രോ ഉണ്ടാക്കിയത്. അതില്‍ ഞാനും ധ്യാനും വിശാഖും ഒറ്റക്കെട്ടായി നിന്നു. ലാലേട്ടന്റെ ഒഫിഷ്യല്‍ ഫാന്‍ ബോയ്‌സ് ആയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മറ്റ് ആക്ടേഴ്‌സിനെ ഒഫന്‍ഡ് ചെയ്യുക എന്ന ഉദ്ദേശം അതിലില്ല,’ അജു വര്‍ഗീസ് പറയുന്നു.

അജു വര്‍ഗീസ് ഭാഗമാകുന്ന കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തെക്കാള്‍ ഗംഭീരമെന്നാണ് സീരീസിനെക്കുറിച്ചുള്ള അഭിപ്രായം. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥയൊരുക്കിയ ബാഹുല്‍ രമേശാണ് സീരീസിന്റെ സ്‌ക്രിപ്റ്റ്.

Content Highlight: Aju Varghese about his fandom to Mohanlal and Thudarum movie success