വത്തക്ക വെട്ടി ലാലേട്ടന്‍, ബിരിയാണി ദം ഇട്ട് ഇച്ചാക്കയും മോനും; വൈറലായി മലയാള താരങ്ങളുടെ നോമ്പുതുറ
Malayalam Cinema
വത്തക്ക വെട്ടി ലാലേട്ടന്‍, ബിരിയാണി ദം ഇട്ട് ഇച്ചാക്കയും മോനും; വൈറലായി മലയാള താരങ്ങളുടെ നോമ്പുതുറ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th February 2026, 4:00 pm

മുസ്‌ലിം മതവിശ്വാസികളുടെ പുണ്യമാസമായ റംദാന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് പല കൂട്ടായ്മകളും ജാതിഭേദമന്യേ സംഘടിപ്പിക്കുന്ന നോമ്പുതുറ ചടങ്ങുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും മറ്റ് പല കൂട്ടായ്മകളില്‍ നിന്നും നോമ്പെടുത്തവരും നോമ്പെടുക്കാത്തവരും ഒത്തുച്ചേരുന്ന പരിപാടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളും പാക്കേജും വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

എ.ഐ വീഡിയോയില്‍ നിന്നും

എ.ഐ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നോമ്പുതുറ ആവിഷ്‌കരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജയറാം തുടങ്ങിയവരെയെല്ലാം ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയില്‍ കാണാം.

മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് വീട്ടുമുറ്റത്ത് ആവി പറക്കുന്ന ബിരിയാണി തയ്യാറാക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. അടുത്ത ഫ്രെയ്മില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച്, നോമ്പ് തുറക്കാനുള്ള വത്തക്ക വെട്ടുന്ന മോഹന്‍ലാലിനെയും പിന്നില്‍ തരിക്കഞ്ഞി തയ്യാറാക്കുന്ന സുരേഷ് ഗോപിയെയും കാണാം. താരത്തിന് തൊട്ടടുത്തിരുന്ന് അരിഞ്ഞുവെച്ച ഫ്രൂട്‌സ് എല്ലാവര്‍ക്കും വേണ്ടി ഒരുക്കിവെക്കുന്ന അമലാ പോളും നോമ്പ് തുറക്ക് എത്തിയിട്ടുണ്ട്.

മറ്റൊരു സ്ഥലത്ത് ബീഫിനൊപ്പം കൂട്ടാനുള്ള പത്തിരി മാവ് കുഴക്കുന്ന പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും ഇത് നോക്കി നിന്ന് വെറുതെ ചിരിക്കുന്ന നിവിന്‍ പോളിയെയും കാണാന്‍ സാധിക്കും. മഞ്ജു മാവ് കുഴച്ച് ഉരുട്ടി കൊടുക്കുമ്പോള്‍ ചപ്പാത്തി പലകയില്‍ പത്തിരി പരത്തിയാണ് പൃഥ്വി സഹായിക്കുന്നത്. ഇവരെല്ലാം ഓരോ പണി ചെയ്യുമ്പോള്‍ ആദ്യമേ പ്ലേറ്റുമായി കസേരയുമിട്ട് കാത്തിരിക്കുകയാണ് ദിലീപും കാവ്യ മാധവനും ജയറാമും.

നോമ്പ് തുറക്കാനായി മറ്റൊരു മേശയില്‍ ഇരിക്കുന്ന ഫഹദിനെയും ടൊവിനോയെയും ഇവര്‍ക്ക് നോമ്പ് തുറയിലെ പ്രധാനവിഭവമായ സമൂസ വിളമ്പുന്ന നസ്രിയയും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. മലയാളത്തിന് പുറത്തുനിന്നും അതിഥികളായി സല്‍മാന്‍ ഖാനും ഷാരൂഖും തമിഴില്‍ നിന്നും സൂര്യയും വിജയ്‌യും നോമ്പ് തുറക്ക് ഹാജരായിട്ടുണ്ട്.

മലയാള താരങ്ങളെ വെച്ചുളള എ.ഐ വീഡിയോകള്‍ക്ക് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രിയദര്‍ശന്റെ വന്ദനം സിനിമയുടെ എ.ഐ ക്ലൈമാക്‌സും സര്‍വ്വം മായയില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും ക്രോസ്സോവറും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു.

Content Highlight: Ai video of Malayalam actors conducting iftar meet goes viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.