ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ട്രെയിനില്‍ വംശീയ ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്ന ആഫ്രിക്കന്‍ യുവതികളുടെ വീഡിയോ വൈറലാവുന്നു. പ്രതിഷേധ സൂചകമായി യുവതികളിലൊരാള്‍ വസ്ത്രമുരിഞ്ഞു.
“അവരെ പിടിച്ച് പുറത്താക്കൂ” എന്ന് യാത്രക്കാര്‍ ആക്രോശിക്കുന്നതാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. തര്‍ക്കം മൂക്കുന്നതോടെ വസ്ത്രമുരിയപ്പെട്ട യുവതി “നിങ്ങള്‍ക്ക് അടിയുണ്ടാക്കണമെങ്കില്‍ വാ നമുക്ക് അടിക്കാം” എന്നു വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇതിനിടെ മറ്റു യാത്രക്കാരും ഇവരെ ഇറക്കിവിടൂ എന്ന് ആക്രോശിക്കുന്നുണ്ട്.
മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നം പറഞ്ഞു പരിഹരിക്കാമെന്നും സംഘര്‍ഷം വേണ്ടെന്നും പറഞ്ഞ് മുന്നോട്ടുവരുന്നുണ്ട്. യുവതി അയാള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ യാത്രക്കാരന്‍ മറ്റു പുരുഷ യാത്രികരോട് പ്രശ്‌നം ഇവിടെ അവസാനിപ്പിക്കണമെന്നും സ്ഥിതി വഷളാക്കരുതെന്നും ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് അല്ലെങ്കില്‍ ശാരീരികമായ ബുദ്ധിമുട്ടുള്ളവര്‍ക്ക് സംവരണം ചെയ്ത സീറ്റ് യുവതി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സീറ്റില്‍ ഇരുന്ന യുവാവ് എഴുന്നേല്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തങ്ങള്‍ക്ക് സംവരണ സീറ്റിന് അര്‍ഹതയുണ്ടെന്നു പറഞ്ഞ് യുവതികള്‍ പ്രതിഷേധിച്ചതോടെ ഇയാള്‍ എഴുന്നേറ്റു. ഇതോടെ യുവതികളിലൊരാള്‍ മറ്റെയാളെ വിളിച്ച് സമീപമുള്ള സീറ്റില്‍ ഇരുത്തുന്നതും കാണാം.
എന്നാല്‍ യുവാവ് എഴുന്നേറ്റതോടെ ഒരു കൂട്ടം യാത്രക്കാര്‍ യുവതികളെ ചീത്തവിളിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നം വഷളായത്.
മെയ് 3നാണ് യൂട്യൂബില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഏപ്രിലില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ആഫ്രിക്കന്‍ പൗരന്മാരെ വംശീയമായി അധിക്ഷേപിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മെട്രോ ട്രെയിനിലും ആഫ്രിക്കന്‍ യുവതികള്‍ക്കുനേരെ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്.
