Dhurandhar Propaganda No. 2: സംഘപരിവാര്‍ പോലും ഇങ്ങനെ വെളുപ്പിച്ചിട്ടില്ല, നോട്ട് നിരോധനത്തിന് ആദിത്യ ധര്‍ വക ട്രിപ്പിള്‍ കോട്ട് വൈറ്റ് വാഷ്
Indian Cinema
Dhurandhar Propaganda No. 2: സംഘപരിവാര്‍ പോലും ഇങ്ങനെ വെളുപ്പിച്ചിട്ടില്ല, നോട്ട് നിരോധനത്തിന് ആദിത്യ ധര്‍ വക ട്രിപ്പിള്‍ കോട്ട് വൈറ്റ് വാഷ്
അമര്‍നാഥ് എം.
Thursday, 19th March 2026, 9:10 pm

ആദ്യഭാഗത്തെക്കാള്‍ വലിയ വിജയമാകുമെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന ചിത്രമാണ് ധുരന്ധര്‍ 2. റിലീസിന് മുമ്പ് 100 കോടിയിലേറെ നേടിയ ചിത്രം ഈ വീക്കെന്‍ഡ് അവസാനിക്കുമ്പോഴേക്ക് 500 കോടിയെങ്കിലും നേടുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞദിവസം ചിത്രത്തിന്റെ പെയ്ഡ് പ്രീമിയര്‍ നടന്നിരുന്നു.

രണ്‍വീര്‍ സിങ്ങിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഹംസ അലി എന്ന ചാരനാകുന്നതിന് മുമ്പുള്ള ജസ്‌കീരതിന്റെ ജീവിതം കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് റഹ്‌മാന്‍ ദാക്കൈത്തിന്റെ മരണത്തിന് ശേഷം ലിയാരി നഗരത്തിന്റെ അധികാരം ഹംസയിലേക്കെത്തുന്നതും തന്റെ പ്രതികാരം തീര്‍ക്കുന്നതുമെല്ലാമാണ് ചിത്രത്തിന്റെ കഥ.

എന്നാല്‍ ആദ്യഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തിലേക്ക് തന്റെ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയം സിനിമയില്‍ പറഞ്ഞുവെക്കാനാണ് സംവിധായകന്‍ ആദിത്യ ധര്‍ കൂടുതലായി ശ്രമിച്ചത്. അതില്‍ എല്ലാവരും ഒരുപോലെ എടുത്തുപറയുന്ന കാര്യമാണ് നോട്ട് നിരോധനത്തെ ഗംഭീര കാര്യമായി സംവിധായകന്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടുവലിച്ചെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന നോട്ട് നിരോധനത്തെ ആദിത്യ ധര്‍ ട്രിപ്പിള്‍ കോട്ട് വൈറ്റ് വാഷ് അടിച്ചുവിട്ടിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് വരേണ്ടിയിരുന്ന 60000 കോടിയെ തടയാന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടത്തിയതെന്നാണ് ആദിത്യ ധര്‍ പറഞ്ഞുവെക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്ന് 11000 കോടിയുടെ കള്ളപ്പണം വന്നിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

 

എന്നാല്‍ അച്ചടിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി എന്ന് റിസര്‍വ് ബാങ്ക് തന്നെ പറഞ്ഞതോടെ നോട്ട് നിരോധനം പരാജയമായെന്ന് സാമാന്യ വിവരമുള്ള, സങ്കിയല്ലാത്തവര്‍ക്ക് മനസിലാകും. അതിനെ തിരുത്താനുള്ള ആദിത്യ ധറിന്റെ ശ്രമമായി ധുരന്ധര്‍ 2നെ കണക്കാക്കാം. എടുത്തുചാടിയെടുത്ത തീരുമാനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി താറുമാറായി.

നോട്ട് മാറാനുള്ള ക്യൂവില്‍ നിന്ന് 100ലധികം ആളുകള്‍ മരിക്കുകയും ചെറുകിട കച്ചവടങ്ങള്‍ പലതും പൂട്ടിപ്പോവുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. പുതിയ 2000ന്റെ നോട്ട് കൊണ്ടുവന്നതും അതിന് ചിപ്പ് ഉണ്ടാകുമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ അവകാശപ്പെട്ടതുമെല്ലാം ട്രോള്‍ മെറ്റീരിയലായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം 2000ന്റെ നോട്ടും ഗവണ്മെന്റ് പിന്‍വലിച്ചു.

നോട്ട് നിരോധനം അതിന്റെ പത്താം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ സംഘപരിവാര്‍ അനുകൂലിയായ ആദിത്യ ധര്‍ അതിനെ സിനിമയിലൂടെ ന്യായീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഗംഭീര മേക്കിങ്ങിലൊരുങ്ങിയ സിനിമയില്‍ തന്റെ പ്രൊപ്പഗണ്ട കുത്തിക്കയറ്റിയ ആദിത്യയെ പലരും വിമര്‍ശിക്കുന്നുണ്ട്. നോട്ട് നിരോധനം മാത്രമല്ല, മോദി ഭരണത്തില്‍ കയറാതിരിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ ഫണ്ട് ചെയ്തിരുന്നു എന്നും ചിത്രത്തില്‍ പറയുന്നു

Content Highlight: Aditya Dhar justifying demonetization in Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം