വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമായിരുന്നു തുടരും.
മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയ്ക്ക് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പിന്നിലും. 55ഓളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരുടേയും കോമ്പോ തുടരുമിലും ആരാധകര്‍ ഏറ്റെടുത്തു.
മോഹന്‍ലാലുമായുള്ള ഈ കെമിസ്ട്രിക്ക് പിന്നിലെന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി ശോഭന. ഒപ്പം തുടരുമെന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ചില സീനുകളുടെ ചിത്രീകരണത്തെ കുറിച്ചുമൊക്കെ ശോഭന പറയുന്നുണ്ട്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ നമ്മള്‍ എത്രയോ സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പിന്നെ തുടരുമിലൊക്കെ തരുണ്‍ മൂര്‍ത്തി ആ കെമിസ്ട്രി അതുപോലെ കണ്‍സീവ് ചെയ്തിട്ടുണ്ട്.
സിനിമയില്‍ നമ്മള്‍ കാണുന്നതെല്ലാം സ്‌ക്രിപ്റ്റഡാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരു സീനില്‍ ലാല്‍സാര്‍ എന്നോട് എന്തോ പറയണം. അപ്പോള്‍ തരുണ്‍ എന്നോട് പറഞ്ഞു, മാം ഒന്ന് നന്നായി അടിച്ചോ അദ്ദേഹത്തെ എന്ന്.
ഇല്ല, അത് പറ്റില്ല, ലാല്‍ സാറിന്റെ ഫാന്‍സിന് അത് ചിലപ്പോള്‍ ഇഷ്ടമാവില്ല എന്ന് ഞാന്‍ തമാശയായി പറഞ്ഞു. അതുകൊണ്ട് അത് ചെയ്യില്ല എന്ന് പറഞ്ഞു.
ഇല്ല മാം, മാം അത് ചെയ്യണം. അതെല്ലാം കാണുന്നത് ആള്‍ക്കാര്‍ക്ക് ഭയങ്കര ത്രില്ലാണ് എന്ന് പറഞ്ഞു. തരുണിന് ആ പള്‍സ് അറിയാം. അത് അദ്ദേഹത്തിന്റെ മൈന്‍ഡില്‍ ഉണ്ട്.
ഈ കെമിസ്ട്രി മാത്രമല്ല. ഇടയ്ക്ക് ഞാന്‍ ചോദിച്ചിരുന്നു. തരുണ്‍ എനിക്ക് ഇതില്‍ ഇത്രയും മതിയോ എന്ന്. സിനിമയുടെ അവസാന ഭാഗത്ത് ഒരു ഷോട്ടുണ്ട്. ഞാന്‍ ഇങ്ങനെ നോക്കുന്ന ഒരു ഷോട്ട്.
മാം നോക്കിക്കോ, തിയേറ്ററില്‍ ആ സീനിന് കയ്യടി വീഴുമെന്ന് അദ്ദേഹം പറഞ്ഞു. ആ നോട്ടത്തില്‍ ആള്‍ക്കാര്‍ വിസിലടിക്കുമെന്നും പറഞ്ഞു. ഏയ് അങ്ങനെ ഒന്നും ആയിരിക്കില്ലെന്നായിരുന്നു എന്റെ മറുപടി. അങ്ങനെ ആ ഷോട്ട് ഞാന്‍ ചെയ്തു.
പക്ഷേ അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അത്രമാത്രം പുള്ളി ഒബ്‌സേര്‍വ് ചെയ്യുന്നുണ്ട്. സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ തന്നെ ഇത് ഈ രീതിയില്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സിനിമ ചെയ്തതും,’ ശോഭന പറഞ്ഞു.
Content Highlight: Actress Shobhana about her Chemistry with Mohanlal and Thudarum