പ്രണയത്തിലാണെങ്കിലും ഉടന്‍ വിവാഹമില്ല; നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക: സാനിയ ഇയ്യപ്പന്‍
Malayalam Cinema
പ്രണയത്തിലാണെങ്കിലും ഉടന്‍ വിവാഹമില്ല; നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക: സാനിയ ഇയ്യപ്പന്‍
ആര്യ.പി
Monday, 13th July 2026, 9:10 pm

‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി, പിന്നീട് ‘ക്വീന്‍’, ‘ലൂസിഫര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും സജീവമായ താരമാണ് സാനിയ ഇയ്യപ്പന്‍.

അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകിയും യാത്രകളെ പ്രണയിക്കുന്ന വ്യക്തിയുമായ സാനിയ, ഫാഷന്‍ പരീക്ഷണങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യത്തിലൂടെയും എപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ. താനൊരു ഹാപ്പി റിലേന്‍ഷിപ്പിലാണെങ്കിലും ഉടന്‍ വിവാഹമില്ലെന്നാണ് താരം പറയുന്നത്.

സാനിയ ഇയ്യപ്പന്‍ photo: Saniya/instagram

കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് തനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നതെന്നും, അമ്മയോട് പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഈ പ്രായത്തില്‍ മക്കള്‍ വരെ ആയിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചതായും താരം പറയുന്നു. നിലവില്‍ താന്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പിലാണെങ്കിലും ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്ന് താരം വ്യക്തമാക്കി.

‘കൂട്ടുകാരിയുടെ വിവാഹം അറിയിച്ചപ്പോഴാണ് എനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നത്. അമ്മയോടു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ മക്കളും ആയി എന്ന് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല. റിലേഷന്‍ഷിപ്പില്‍ ഉള്ള എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്. നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവരെല്ലാം പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക,’ താരം പറഞ്ഞു.

സ്വന്തമായി ജീവിതം പടുത്തുയര്‍ത്തിയതിനെക്കുറിച്ചും സാനിയ അഭിമുഖത്തില്‍ മനസുതുറന്നു. അടുത്തിടെ വാങ്ങിയ മിനി കൂപ്പര്‍ കാര്‍ ഏറെ ആഗ്രഹിച്ചു സ്വന്തമാക്കിയതാണെന്നും താരം പറഞ്ഞു.

സാനിയ ഇയ്യപ്പന്‍ photo: Saniya/instagram

ഇപ്പോഴുള്ള മിനി കൂപ്പര്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ്. കുഞ്ഞായിരുന്നപ്പോള്‍ അച്ഛനും അമ്മയും ചേച്ചിയും ഞാനും കൂടി അച്ഛന്റെ സ്‌കൂട്ടറിലാണ് സിനിമയ്ക്കും മറ്റും പോയിരുന്നത്. ഞങ്ങള്‍ കുട്ടികള്‍ വലുതാവും തോറും ആ യാത്രയ്ക്ക് ആയാസം കൂടി. അന്നു മുതല്‍ കൊതിച്ചതാണ് നല്ലൊരു കാര്‍ സ്വന്തമാക്കണമെന്ന്. ലോണൊക്കെയുണ്ടെങ്കിലും വീടുവെക്കാന്‍ സ്ഥലവും വാങ്ങി. എല്ലാം ദൈവാനുഗ്രഹമാണ്, പിന്നെ അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയും,’ സാനിയ പറഞ്ഞു.

തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്നാണെന്ന് സാനിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ചില യാത്രകള്‍ മുഴുവനായും സ്‌പോണ്‍സേര്‍ഡ് ആയിരിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

യാത്രകളെ അത്രമേല്‍ സ്‌നേഹിക്കുന്ന സാനിയ ഇതിനകം ഏകദേശം 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. മുന്‍പൊക്കെ പെട്ടെന്നൊരു ദിവസം ബാക്ക്പാക്കുമെടുത്ത് യാത്ര തിരിക്കുന്ന സ്വഭാവമായിരുന്നെങ്കില്‍, ഇപ്പോള്‍ നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് താരം.

Content Highlight: Actress Saniya Iyappan about Her Relationship and Marriage

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.