അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.

ഫുട്ബോളിൽ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്‌, കോപ്പ അമേരിക്ക, ഫൈനൽസീമ, അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോൾഡ് മെഡൽ തുടങ്ങിയ ഒട്ടനവധി കിരീടങ്ങൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

അർജന്റീനക്കൊപ്പം മാത്രമല്ല ക്ലബ്ബ്‌ തലത്തിലും ഒരുപിടി കിരീടങ്ങൾ ചൂടി മെസി സമ്പന്നനാണ്. ഇതുവരെ തന്റെ കരിയറിൽ 49 കിരീടങ്ങളാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്.

മെസി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത് തന്നെ ഇതിഹാസമാക്കി മാറ്റിയ കറ്റാലൻമാർക്ക് വേണ്ടിയാണ്. ലാ ലിഗയും ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ്ബ് വേൾഡ് കപ്പുമടക്കം 35 തവണ മെസി ബാഴ്സയ്ക്കൊപ്പം ചാമ്പ്യനായി.

അർജന്റൈൻ ദേശീയ ടീമിനൊപ്പം ആറ് കിരീടങ്ങൾ നേടിയപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടവും നേടി. ഇന്റർ മയാമിക്കൊപ്പം അഞ്ച് കിരീടങ്ങളും സ്വന്തമാക്കിയാണ് മെസി മുന്നേറുന്നത്.

എന്നാൽ മെസിക്ക് ഇതുവരെ ഫുട്‌ബോൾ കരിയറിൽ നേടാൻ സാധിക്കാത്ത ട്രോഫിയെക്കുറിച്ച് മുൻ ബാഴ്സലോണ സൂപ്പർതാരം ഇവാൻ റാക്കിറ്റിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മെസിക്ക് ഒരിക്കലും യൂറോപ്പ ലീഗ് കിരീടം നേടാൻ സാധിച്ചിട്ടില്ലെന്നും ആ കിരീടം താൻ നേടിയിട്ടുണ്ടെന്നുമാണ് റാക്കിറ്റിച്ച് പറഞ്ഞത്. ലാ ലിഗ ടി. വിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റാക്കിറ്റിച്ച് ഇക്കാര്യം പറഞ്ഞിരുന്നത്.

‘ഞാൻ മെസിയോട് ഞാൻ പറഞ്ഞു. നിങ്ങൾ ഫുട്‌ബോളിൽ എല്ലാം നേടി. ഒരുപാട് ഗോളുകൾ നിങ്ങൾ സ്വന്തമാക്കി. പക്ഷേ നിങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത ഒരു ട്രോഫി ഞാൻ നേടിയിട്ടുണ്ട്, നിങ്ങൾക്ക് ഒരിക്കലും നേടാൻ കഴിയില്ല,’ ക്രൊയേഷ്യൻ താരം പറഞ്ഞു.

സ്പാനിഷ് ക്ലബ്ബായ സെവിയ്യക്കൊപ്പമായിരുന്നു റാക്കിറ്റിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയത്. 2014, 2023 എന്നീ സീസണുകളിൽ ആയിരുന്നു റാക്കിറ്റിച്ച് യൂറോപ്പ ലീഗ കിരീടം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാർക്കായി 25 ഗോളുകളും 27 അസിസ്റ്റുകളുമാണ് ക്രൊയേഷ്യൻ താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്.

അതേസമയം ബാഴ്‌സയിലും പി.എസ്.ജിയിലും കളിച്ചിരുന്ന കാലത്ത് ഒരിക്കൽ പോലും യൂറോപ്പ ലീഗിന്റെ ടൂർണമെന്റിൽ മെസി കളിച്ചിരുന്നില്ല. മെസി കറ്റാലൻമാർക്ക് വേണ്ടി പന്ത് തട്ടിയ സീസണുകളിൽ എല്ലാം ആദ്യ നാല് സ്ഥാനങ്ങളിൽ താഴേക്ക് ടീം പോയിട്ടുണ്ടായിരുന്നില്ല. എന്നാൽ 2021ൽ മെസി ബാഴ്സ വിട്ടതിന് ശേഷം ബാഴ്‌സ രണ്ട് തവണയാണ് യൂറോപ്പ ലീഗിൽ കളിച്ചത്.

 

Content Highlight: Ivan Rakitic on the title Lionel Messi has not won in football