ട്രോളുകള്‍ വല്ലതുമുണ്ടെങ്കില്‍ അയച്ചുതരണമെന്ന് വിജയ് സാര്‍ പറയും; ഞാന്‍ അയച്ചുകൊടുക്കാറുണ്ട്: മമിത ബൈജു
Indian Cinema
ട്രോളുകള്‍ വല്ലതുമുണ്ടെങ്കില്‍ അയച്ചുതരണമെന്ന് വിജയ് സാര്‍ പറയും; ഞാന്‍ അയച്ചുകൊടുക്കാറുണ്ട്: മമിത ബൈജു
ആര്യ.പി
Monday, 20th July 2026, 10:26 am

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ‘ജനനായകന്‍’ ജൂലൈ 23ന് തിയറ്ററുകളിലെത്തുകയാണ്. വിജയ് മുഖ്യമന്ത്രിയായ ശേഷം റിലീസിനെത്തുന്ന ആദ്യ ചിത്രമാണ് ജനനായകന്‍.

ചിത്രത്തിലെ ‘അടിയേ എന്‍ പൂന്തേനെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമിത ബൈജുവും വിജയ്‌യുമാണ് ഗാനരംഗത്തിലുള്ളത്. വിജയ്‌യുടേയും മമിതയുടേയും സ്‌ക്രീന്‍പ്രസന്‍സും കെമിസ്ട്രിയുമെല്ലാം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

വിജയ് യുമൊത്തുള്ള ജനനായകന്‍ ഷൂട്ടിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മമിത ബൈജു. വളരെ കാമായ എന്നാല്‍ എല്ലാവരേയും ഭയങ്കരമായി ഒബ്‌സേര്‍വ് ചെയ്യുന്ന ആളാണ് വിജയ് എന്ന് മമിത പറയുന്നു.

വിജയ് യ്ക്ക് മെസ്സേജുകള്‍ അയക്കാറുണ്ടെന്നും എന്തെങ്കിലും ട്രോളുകളൊക്കെയുണ്ടെങ്കില്‍ അയച്ചുതരണമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മമിത പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഫോണില്‍ സേവ് ചെയ്തിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ സെലിബ്രറ്റി ആരാണെന്ന ചോദ്യത്തിന് വിജയ് സാറിന്റേയും സൂര്യ സാറിന്റേയുമൊക്കെ തന്നെയാണെന്നായിരുന്നു മമിതയുടെ മറുപടി. വിജയ്ക്ക് മെസ്സേജ് അയക്കാറുണ്ടോയെന്ന ചോദ്യത്തിന് എന്തെങ്കിലും ട്രോളുകളോ മീമുകളോ രസകരമായുള്ളത് കണ്ടാല്‍ അയച്ചുകൊടുക്കുമെന്നായിരുന്നു മമിത പറഞ്ഞത്. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാറുണ്ട്. എന്തെങ്കിലും ട്രോള്‍ എല്ലാം കണ്ടാല്‍ അയച്ചുതാ എന്ന് സര്‍ തന്നെയാണ് പറഞ്ഞത്. ഫണ്ണി മീമുകളൊക്കെയാണ് അയക്കാറ്,’ മമിത പറഞ്ഞു.

വിജയ് സാറിന്റെ ബര്‍ത്ത് ഡേ ദിവസം തന്നെയാണ് ഞാനും ജനിച്ചത്. ജനനായകന്റെ ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ ഞാന്‍ പോയിട്ട് സാര്‍ നമ്മുടെ രണ്ട് പേരുടേയും ബര്‍ത്ത് ഡേ ഒരു ദിവസമാണെന്ന് പറഞ്ഞിരുന്നു. ആണോ എന്നൊക്കെ ചോദിച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്ന് ഷൂട്ടുണ്ടായില്ല. ഷൂട്ട് ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് കേക്കൊന്നും മുറിക്കാന്‍ പറ്റിയില്ല. സാര്‍ ഭയങ്കര കാം ആണ്. എന്തുസംഭവിച്ചാലും അങ്ങനെ തന്നെ. ആളുകളെയൊക്കെ നന്നായി ഒബ്‌സേര്‍വ് ചെയ്യും. എന്നെ സാര്‍ ഇമിറ്റേറ്റ് ചെയ്യുകയൊക്കെ ചെയ്തിരുന്നു. ഞാന്‍ എങ്ങനെയാണ് നടക്കുന്നത്, പറയുന്നത് എന്നതൊക്കെ ഇമിറ്റേറ്റ് ചെയ്യും, മമിത പറഞ്ഞു.

ഒരു സിനിമയുടെ റിലീസ് ദിവസമാണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കാറെന്നും സകല ദൈവങ്ങളേയും വിളിക്കുമെന്നും കയ്യും കാലും വിറച്ചിട്ടൊക്കെയായിരിക്കും തിയേറ്ററിലേക്ക് പോകുന്നതെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

15 കോടി രൂപയാണ് മമിത വാങ്ങുന്ന പ്രതിഫലമെന്ന് വാര്‍ത്ത വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് ആരുടേയോ തലയില്‍ തോന്നിയ ഒരു നമ്പര്‍ ആണ് അതെന്നും അത് അവര്‍ എഴുതിയെന്നുമായിരുന്നു മമിതയുടെ മറുപടി.

’15 കോടി പ്രതിഫലം വാങ്ങുന്നുവെന്നാണ് പറഞ്ഞത്. ആ വാര്‍ത്തയുടെ താഴെ ഇവളാരാണ് ഇത്രയും പ്രതിഫലം വാങ്ങാനെന്ന് കമന്റും വന്നു. ആരോ മനസില്‍ തോന്നി എന്തോ എഴുതിയതിന് പഴി മുഴുവന്‍ നമ്മള്‍ കേള്‍ക്കുന്നു,’ മമിത പറഞ്ഞു

Content Highlight: Actress Mamitha Baiju about Vijay and his Character

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.