വെറും 10 മിനുട്ട് സമയമാണ് മോഹന്‍ലാല്‍ അന്ന് തന്നത്; പിന്നീടദ്ദേഹം രണ്ട് മണിക്കൂര്‍ ഞങ്ങളുമായി സംസാരിച്ചു: മാലാ പാര്‍വതി
Malayalam Cinema
വെറും 10 മിനുട്ട് സമയമാണ് മോഹന്‍ലാല്‍ അന്ന് തന്നത്; പിന്നീടദ്ദേഹം രണ്ട് മണിക്കൂര്‍ ഞങ്ങളുമായി സംസാരിച്ചു: മാലാ പാര്‍വതി
ആര്യ.പി
Tuesday, 21st July 2026, 2:27 pm

2005 ല്‍ മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു തന്മാത്ര. അല്‍ഷിമേഴ്‌സ് എന്ന അസുഖം ഒരു വ്യക്തിയിലും ഒരു കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ച് സംസാരിച്ച് ചിത്രം അക്കാലത്ത് വലിയ വിജയമായിരുന്നു.

അന്ന് ദൂരദര്‍ശന് വേണ്ടി മോഹന്‍ലാലിന്റെ ഒരു അഭിമുഖത്തിനായി പോയത് അഭിനേത്രിയായ മാലാ പാര്‍വതിയായിരുന്നു. അക്കാലത്ത് ദൂരദര്‍ശനുള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് വേണ്ടി പ്രത്യേക ഷോകളും അഭിമുഖങ്ങളുമൊക്കെ മാലാ പാര്‍വതി നടത്തിയിരുന്നു.

തന്മാത്ര സിനിമയുടെ ഷൂട്ടിനിടെ പത്ത് മിനുട്ട് സമയം ദൂരദര്‍ശന് മോഹന്‍ലാല്‍ അനുവദിച്ചിരുന്നെന്നും താനായിരുന്നു അന്ന് ആ അഭിമുഖം ചെയ്തിരുന്നതെന്നും മാലാ പാര്‍വതി പറയുന്നു. വെറും 10 മിനുട്ട് നല്‍കിയ അഭിമുഖം അന്ന് രണ്ട് മണിക്കൂര്‍ നീണ്ടെന്നും അതിന് ഒരു കാരണമുണ്ടെന്നും മാലാ പാര്‍വതി മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ photo: Facebook.com

‘ തന്മാത്രയുടെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് പത്ത് മിനുട്ടാണ് അദ്ദേഹം ദൂരദര്‍ശന് അഭിമുഖത്തിനായി സമയം കൊടുത്തത്. ഞങ്ങള്‍ 7.30 ന് അഭിമുഖം തുടങ്ങുന്നു 7.40 ന് അഭിമുഖം നിര്‍ത്തുന്നു ആ രീതിയിലായിരുന്നു പ്ലാന്‍ ചെയ്തത്. ഞങ്ങള്‍ 6.30 ന് അവിടെ എത്തണം, സാര്‍ 7.30 ന് അഭിമുഖത്തിന് റെഡിയായി വരും എന്നാണ് ഞങ്ങളോട് പറഞ്ഞ ബ്രീഫ്. ആ പത്ത് മിനുട്ട് അഭിമുഖത്തിനായി ഒരു നൂറുപേജിന്റെ ബുക്ക് മുഴുവന്‍ പ്രിപ്പയര്‍ ചെയ്താണ് ഞാന്‍ പോയത്.

നന്നായി വായിക്കും അല്ലേ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്. എങ്ങനെ അറിയാം ഞാന്‍ വായിക്കുമെന്ന് എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. വായിക്കുമെന്ന് കേടിട്ടുണ്ട്, സാര്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ‘ ദി മോങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി’ എന്ന പുസ്തകമല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളി ഓപ്പണ്‍ അപ്പ് ചെയ്യാന്‍ തുടങ്ങി. ആ പുസ്തകത്തിന്റെ എഴുത്തുകാരനായ റോബിന്‍ ശര്‍മയെ കുറിച്ചൊക്കെ സംസാരിക്കാന്‍ തുടങ്ങി.

മാലാ പാര്‍വതി photo: movie world media

വരയ്ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ടിസ്റ്റ് നമ്പൂതിരിയുമായുള്ള ബന്ധത്തെ കുറിച്ചൊക്കെ പറഞ്ഞു. നമ്മള്‍ സ്‌പെസിഫിക് ആയി കഴിഞ്ഞാല്‍ പിന്നെ പുള്ളി സംസാരിക്കും. എന്ത് കാരണം കൊണ്ടാണ് ആ ചോദ്യം എന്ന് വന്നുകഴിഞ്ഞാല്‍ പുള്ളി സംസാരിക്കും. അങ്ങനെ ആ ഇന്റര്‍വ്യൂ ഒന്നര മണിക്കൂര്‍ നീണ്ടു.

പത്ത് മണിക്കാണ് ആ ഇന്റര്‍വ്യൂ ബ്രേക്ക് ചെയ്തത്. ഇടയ്ക്ക് എട്ടര മണിക്ക് ബ്രേക്ക് എടുത്ത് പത്ത് മിനുട്ടിന് ശേഷം വീണ്ടും തുടങ്ങി. രണ്ട് ദിവസങ്ങളില്‍ ഓരോ മണിക്കൂറായിട്ടാണ് ദൂരദര്‍ശന്‍ അത് ടെലികാസ്റ്റ് ചെയ്തത്. നമ്മള്‍ പ്രിപ്പയര്‍ ചെയ്തിട്ടാണ് വന്നതെന്ന് മനസിലായാല്‍ പുള്ളി നന്നായി സംസാരിക്കും.

വണ്ണം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യമായിരുന്നു ഞാന്‍ ആദ്യം തന്നെ ചോദിച്ചത്, രൂപത്തെ കുറിച്ചൊക്കെ. അവിടുന്ന് തുടങ്ങി തന്മാത്രയെ കുറിച്ചും തിയറീസിനെ കുറിച്ചും ഇരുവറിനെ കുറിച്ചുമെല്ലാം ഒരുപാട് നേരം അദ്ദേഹം സംസാരിച്ചു. ഇരുവറിലെ പ്രധാനപ്പെട്ട ഷോട്ടുകളെ കുറിച്ചൊക്കെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഞാന്‍ വടക്കുംനാഥന്‍ സിനിമയുടെ പ്രൊമോഷനും അറബിയും ഒട്ടകവും സിനിമയുടെ പ്രൊമോഷനുമൊക്കെ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.

പിന്നെ മമ്മൂക്കയുമായും അഭിമുഖങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന് എന്നെ പരിചയമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ ഭയങ്കര ഫ്രീയായിരുന്നു. അദ്ദേഹം എല്ലാ ഇന്റര്‍വ്യൂവും കാണും. നീലത്താമര കണ്ട് അഭിപ്രായം പറഞ്ഞിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ,’ മാല പാര്‍വതി പറഞ്ഞു.

Content Highlight: Actress Maala Parvathy about Mohanlal Interview

 

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.