ഭാവനയും റഹ്മാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘അനോമി’ ഇന്നുമുതൽ (ഫെബ്രുവരി 6) തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സാധാരണ കുറ്റാന്വേഷണ സിനിമയെക്കാൾ, പാരലൽ അന്വേഷണത്തിന്റെ സാധ്യതകൾ സൃഷ്ടിപരമായി ഉപയോഗിക്കുന്ന സിനിമയായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ചിത്രത്തിൽ വൈകാരികമായി, ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന എത്തുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിർമാതാക്കൾ. ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരോടൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
അടുത്തിടെ ആത്മഹത്യ ചെയ്ത കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് ചിത്രത്തിന്റെ നിർമ്മാണത്തിൽ ഉണ്ടായിരുന്നെന്നും പിന്നീട് അതിൽനിന്നും പിന്മാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഭാവന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.എഡിറ്റോറിയൽ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശദീകരണം നൽകിയത്.
‘ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷമാണ് ഞാൻ പ്രൊഡ്യൂസർ ആകാനുള്ള തീരുമാനം എടുത്തത്. അവർ ഇതിനകം ചെയ്തുവച്ച ജോലിയുടെ ക്വാളിറ്റിയിലുണ്ടായിരുന്ന ആത്മവിശ്വാസമാണ് എന്നെ പ്രൊഡക്ഷൻ ടീമിലേക്ക് എത്തിച്ചത്. ആദ്യം ഞാൻ ഒരു നടിയായി മാത്രമാണ് ഈ പ്രോജക്റ്റിൽ എത്തിയത്. പിന്നീട് നിർമ്മാണത്തിന്റെ ഭാഗമാവുകയായിരുന്നു,’ ഭാവന പറഞ്ഞു.
സി.ജെ. റോയ് ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന ആരോപണങ്ങൾക്കും താരം മറുപടി നൽകി.
‘അനോമി’യിൽ നിന്ന് അദ്ദേഹം പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമ്മാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ്ക്രീഗ് ഫിലിംസും എ.പി.കെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടി-സീരീസും നിർമ്മാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവെസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി,’ ഭാവന പറഞ്ഞു.
ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന ‘സൗണ്ട് പാർട്ടിക്കിൾസ്’ എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ‘അനോമി’ക്കുണ്ട്.
Content Highlight: Actress Bhavana talks about CJ Roy’s withdrawal from the production of Anomie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.