കോഴിക്കോട്: ഫഹദ് ഫാസിലിന് തെലുങ്കില്‍ ഏറെ ആരാധകരുണ്ടെന്ന് പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍. എന്നാല്‍ ഇക്കാര്യം ഫഹദിനോട് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രാന്‍സ് സിനിമ ഇവിടെ (തെലുങ്ക്) വളരെ പോപ്പുലറായിരുന്നു. തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു,’ സുകുമാര്‍ പറഞ്ഞു.

പുഷ്പ സിനിമയില്‍ ബന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ റോള്‍ ഫഹദ് ഫാസില്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് അല്ലു അര്‍ജുനായിരുന്നുവെന്നും സുകുമാര്‍ പറഞ്ഞു.

‘ഞാന്‍ കാണുന്ന ഫഹദിന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരമാണ്. ആ സിനിമയിലെ ഫഹദിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഫഫയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ബിഗ് ഫാനായി എന്ന് തന്നെ പറയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കിയ പുഷ്പ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാകുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോ’മുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Content Highlight: Actor Fahad Faasil have huge fan base in Telugu film Pushpa Director Sukumar Allu Arjun