മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ആർഷ ബൈജു. 2019ൽ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആർഷ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. 2021ൽ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസിൽ ടൈറ്റിൽ റോളിൽ എത്തിയതും ആർഷ ആയിരുന്നു. തൊട്ടടുത്ത വർഷം അഭിനവ് സുന്ദർ നായക്കിന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും ആർഷ നായികയായി എത്തി.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലും ഒരു സുപ്രധാന വേഷത്തിൽ ആർഷ എത്തിയിരുന്നു. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ആർഷ ബൈജു. വലിയ രീതിയിൽ എക്സൈറ്റ്മെന്റുകൾ ഉള്ള വ്യക്തിയല്ല താനെന്നും എന്നാൽ മോഹൻലാലിന്റെ കൂടെ അഭിനയിച്ചപ്പോൾ എക്സൈറ്റ്മെന്റ് തോന്നിയിരുന്നുവെന്നും ആർഷ ബൈജു പറയുന്നു. നാന മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘പൊതുവെ വലിയ രീതിയിലുള്ള എക്സൈറ്റ്മെന്റുകൾ ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. പക്ഷേ ലാലേട്ടൻ്റെ കൂടെ അഭിനയിച്ചപ്പോൾ അങ്ങനെ ആയിരുന്നില്ല. എനിക്ക് വലിയ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ ഒക്കെ പറ്റിയിരുന്നു. അതുതന്നെ എനിക്ക് വലിയ സന്തോഷം തോന്നി.
ഇതിനുമുന്നേ ഞാൻ അദ്ദേഹത്തെ ടി.വിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ലാലേട്ടൻ സെറ്റിൽ വളരെ സാധാരണക്കാരനാണ് എന്നൊക്കെ പണ്ടുമുതലേ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ. അതൊന്നും തന്നെ തള്ളല്ല എന്നാണ് എന്റെ മനസിലാക്കൽ.
ലാലേട്ടൻ അദ്ദേഹത്തിന്റെ സീനുകൾ എല്ലാം വളരെ പെട്ടെന്ന്, ഈസിയായിട്ടാണ് ചെയ്യുന്നത്. തിയേറ്റർ വിസിറ്റിന് പോകുമ്പോൾ നമ്മൾ ഒരുപാടുതവണ സിനിമ കാണുമല്ലോ. അപ്പോഴൊക്കെയും അദ്ദേഹത്തിന്റെ അഭിനയത്തിലെ വ്യത്യസ്‌തമായ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്,’ ആർഷ ബൈജു പറയുന്നു.