ഈ വര്‍ഷം മോളിവുഡിലെ ആദ്യ 100 കോടി ക്ലബ്ബ് എന്‍ട്രി എന്ന നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട് 3. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. സമ്മിശ്ര പ്രതികരണം കൊണ്ട് മാത്രം 100 കോടിയിലേറെ നേടിയ ആട് 3 കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററുകളില്‍ ഒരേസമയം പല വമ്പന്‍ സിനിമകള്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒ.ടി.ടി റിലീസിന് ശേഷം ആട് 3 അധികം ശ്രദ്ധ നേടുന്നില്ല. എന്നിരുന്നാലും ചിത്രത്തിലെ പല രംഗങ്ങളും ഇന്‍സ്റ്റഗ്രാം റീലുകളില്‍ ട്രെന്‍ഡിങ്ങാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഴോണര്‍ ഷിഫ്റ്റ് നടത്തിയാണ് ആട് 3 മിഥുന്‍ മാനുവല്‍ അണിയിച്ചൊരുക്കിയത്. ടൈം ട്രാവല്‍ എലമെന്റുകള്‍ ചിത്രത്തില്‍ കൊണ്ടുവന്നതില്‍ സംവിധായകന്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. പാസ്റ്റും പ്രസന്റും മാറി മാറി അവതരിപ്പിച്ച കഥപറച്ചിലില്‍ പല തമാശകളും വര്‍ക്കാകാതെ പോയി.
എന്നാല്‍ ക്ലൈമാക്‌സിനോടടുത്ത 20 മിനിറ്റലാണ് ആട് 3 അതിന്റെ പീക്ക് ഫോമിലെത്തിയതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഡ്യൂഡിന്റെ സെക്കന്‍ഡ് ഇന്‍ട്രോയും പിന്നീടുള്ള ടൈംലൈന്‍ ക്രോസിങ്ങുമെല്ലാം ഗംഭീരമായി തന്നെയാണ് സംവിധായകന്‍ അവതരിപ്പിച്ചത്. പാസ്റ്റില്‍ നിന്ന് പ്രസന്റിലേക്ക് എത്തുന്ന പദ്മനാഭ രാജാവും പ്രസന്റില്‍ നിന്ന് പാസ്റ്റിലേക്ക് പോയ ഡ്യൂഡിന്റെയും കഥ എന്താണെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
പ്രസന്റ് പോര്‍ഷനിലേക്കെത്തിയ പദ്മനാഭ രാജാവിന്റെ എന്‍ട്രി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചത്. ഷാജി പാപ്പനാണെന്ന് കരുതി പദ്മനാഭ രാജാവിനെ എല്ലാവരും വളയുന്നതും താനെവിടെയാണ് എത്തിയതെന്നറിയാതെ അന്തം വിട്ട് നില്‍ക്കുന്ന രാജാവും ചിരി പടര്‍ത്തുകയാണ്. പാപ്പന്റെ അമ്മ ദേഷ്യപ്പെടുമ്പോള്‍ ‘ഭവതി ആരാണ്’ എന്ന് രാജാവ് ചോദിക്കുന്നതും അതിന് അമ്മച്ചി നല്‍കുന്ന മറുപടിയും തിയേറ്ററുകളില്‍ പടര്‍ത്തിയ കൈയടി ഒ.ടി.ടിയിലും ആവര്‍ത്തിച്ചിട്ടുണ്ട്.
ആദ്യപകുതിയില്‍ പാപ്പനും ഗ്യാങ്ങും ജ്യോത്സ്യനെ കാണാന്‍ പോകുന്ന രംഗവും മികച്ചതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ‘നഗ്നപാദനായി ഇരിക്കൂ’ എന്ന് പണിക്കര്‍ പറയുമ്പോള്‍ ‘ഇനി ഡ്രസും അഴിക്കണോ’ എന്നുള്ള പാപ്പന്റെ ഡയലോഗും കബഡിയെ സ്‌കിബിഡി എന്ന് വിളിക്കുന്ന ഫുക്രുവും തുടങ്ങി സീനിലെ എല്ലാവരും ഒന്നിനൊന്ന് ഗംഭീരമായിരുന്നു.
എന്നാല്‍ അവിടവിടായി ഇത്തരത്തിലുള്ള കോമഡി രംഗങ്ങള്‍ മാത്രമുള്ള ചിത്രം പലയിടത്തും ഫ്‌ളാറ്റാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നാലാം ഭാഗത്തിന് കാത്തിരിക്കാന്‍ ചെറിയൊരു സീന്‍ മാത്രമാണ് പ്രതീക്ഷ നല്‍കിയതെന്നും കമന്റുകളുണ്ട്. വാഴ 2ന്റെ വന്‍ വിജയത്തിന് പിന്നാലെ സൈഡാകേണ്ടി വന്ന ആട് 3 ഇതിലും കൂടുതല്‍ കളക്ഷന്‍ അര്‍ഹിച്ചിരുന്നെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.
Content Highlight: Aadu 3 getting mixed response after its OTT release