ഇന്ന് ദൽഹിയുടെ തെരുവിൽ തീയായി മാറുന്ന ഇടതിന്റെ മുഖങ്ങളായി ജെ.എൻ.യുവിലെ ഐഷി ഘോഷും നേഹ ബോറയും നിൽക്കുമ്പോൾ, ഒരു പതിറ്റാണ്ട് മുൻപ് സംഘപരിവാർ അവിടുന്ന് മായ്ച്ചു കളഞ്ഞൊരു മുഖമുണ്ട്. അയാളുടെ പേര് നജീബ് അഹമ്മദ്.
എം.എസ്.സി. ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒരു ഹോസ്റ്റൽ തിരഞ്ഞെടുപ്പ് കാലത്ത്, 2016 ഒക്ടോബർ 14 ന് എബിവിപി ഗുണ്ടകൾ ഹോസ്റ്റലിലെത്തി മർദിച്ചു.

നജീബ് അഹമ്മദിന്റെ അമ്മ ഫാത്തിമ നഫീസ മകന്റെ ചിത്രത്തിന് മുൻപിൽ
പിറ്റേന്ന് കാണാതായ നജീബിനെ പിന്നെയാരും കണ്ടിട്ടില്ല. മരിച്ചിട്ടും നിങ്ങളെന്തിനാണവനെ മഴയത്തു നിർത്തിയിരിക്കുന്നത് എന്ന് ചോദിച്ച ഒരച്ഛനുണ്ടായിരുന്നു കേരളത്തിൽ, ഈച്ചരവാര്യർ. അത്കൊണ്ട് തന്നെ രാജൻ തിരോധാനം പോലെ കണക്റ്റാകുന്നുണ്ട് മനുഷ്യത്വം ഉള്ളിൽ സൂക്ഷിക്കുന്ന മലയാളിക്ക്, നജീബ് എന്ന വേദന.
2016 ഒക്ടോബർ 15നാണ് നജീബിനെ കാണാതായത്. കുടുംബം പരാതി നൽകി. ഒക്ടോബർ 16-ന് ദൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നവംബറിൽ, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഫാത്തിമ നഫീസ് ദൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.
നവംബർ 2016 നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾക്കൊപ്പം നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് ഫാത്തിമ നഫീസിനെയും മകളെയും കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2017 മെയ് 16 ന് ദൽഹി ഹൈക്കോടതി അന്വേഷണം CBI-ക്ക് കൈമാറി. ഒക്ടോബർ 2018ൽ നജീബിനെ കണ്ടെത്താനോ തിരോധാനത്തിനു പിന്നിലെ കുറ്റകൃത്യം തെളിയിക്കാനോ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്ന് CBI അറിയിച്ചു. അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് സമർപ്പിച്ചു. 30 ജൂൺ 2025, കോടതി ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചു.
റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരി, ഫാത്തിമ നഫീസിന്റെ എതിർഹർജി തള്ളുകയും CBI റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. പുതിയ വിശ്വസനീയ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കാമെന്നും വ്യക്തമാക്കി.
19 ഡിസംബർ 2025 ലെ ദൽഹി ഹൈക്കോടതിയുടെ പുതിയ നിർദേശമനുസരിച്ചു ക്ലോഷർ റിപ്പോർട്ടിനെതിരായ അമ്മയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. എന്നാൽ മൂന്ന് സാക്ഷികളുടെ ഫോണുകളിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാൻ Cellebrite പോലുള്ള ആധുനിക ഫോറൻസിക് ഉപകരണങ്ങൾ ലഭ്യമാണെങ്കിൽ ഉപയോഗിക്കണമെന്ന് CBI-യോട് നിർദേശിച്ചു. പുതിയ വിശ്വസനീയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം വീണ്ടും ഓപ്പൺ ചെയ്യാമെന്ന് കോടതി പറഞ്ഞു.
ഇന്നും നജീബിനെന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. തങ്ങൾക്കെതിരെ തിരിയുന്നവരെ എങ്ങനെയും നേരിടും എന്ന സന്ദേശമായിരുന്നു എബിവിപി യിലൂടെ സംഘപരിവാർ അന്ന് നൽകാൻ ശ്രമിച്ചത്.
ചരിത്രത്തിൽ,ലെപ റാദിച് എന്നൊരു പതിനേഴുകാരി പെൺകുട്ടിയുണ്ട്. വിപ്ലവത്തിന്റെ മറ്റൊരു പേര് എന്നും പറയാം. ഇപ്പോൾ 18 വയസ്സിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണം എന്ന് പറയുന്ന ന്യായാധിപന്മാർക്ക് ഓർമയുണ്ടാകും ലെപ റാദിച്ചിനെ.

ലെപ റാദിച് ,നാസികൾ തൂക്കിലേറ്റിയ കൗമാര പ്രതിരോധ പോരാളി
1941 ഏപ്രിലിൽ നാസി ജർമനിയും സഖ്യകക്ഷികളും യുഗോസ്ലാവിയ ആക്രമിച്ച് കീഴടക്കി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഗോസ്ലാവിയയുടെ നേതൃത്വത്തിൽ ജോസിപ് ബ്രോസ് ടിറ്റോയുടെ കീഴിൽ അധിനിവേശശക്തികൾക്കെതിരെ ഗറില്ലാ യുദ്ധം നയിക്കാൻ പാർട്ടിസൻ പ്രസ്ഥാനം ശക്തി പ്രാപിച്ചു.
അതിലെ ധീരയായ പോരാളിയായിരുന്നു ലെപ റാദിച്. 1943 ഫെബ്രുവരിയിൽ ജർമൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ ലെപ പിടിക്കപ്പെട്ടു. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട അവരോട് സഹപോരാളികളുടെ പേരുകൾ വെളിപ്പെടുത്തിയാൽ ജീവൻ രക്ഷിക്കാമെന്ന വാഗ്ദാനമെത്തി.
‘എന്റെ സഖാക്കൾ വരും. എന്റെ മരണത്തിന് പകരം ചോദിക്കുമ്പോൾ അവർ സ്വന്തം പേരുകൾ വെളിപ്പെടുത്തും.’
ഇതായിരുന്നു ലെപ റാദിചിന്റെ മറുപടി. പതിനേഴാം വയസ്സിൽ നാസികൾ അവരെ തൂക്കിലേറ്റി.
സഖാത്വം എന്നൊന്നുണ്ട്, നജീബ് നേഹ ബോറയുടെയും ഐഷിയുടെയും സഖാവായിരുന്നു, ചെങ്കൊടിയേന്തിയവൻ. ഇവിടെ നജീബിന്റെ തിരോധാനത്തിന് പതിറ്റാണ്ട് തികയുമ്പോൾ അതിന് കാരണമായ സംഘപരിവാറിനോട് യുദ്ധം ചെയ്യാനാണ് അവന്റെ സഖാക്കൾ എത്തിയിട്ടുള്ളത്.
അവരുടെ പിന്നിൽ അവരുടെ ശക്തിയായി രാജ്യത്തെ പ്രതിപക്ഷവും ജനങ്ങളുമുണ്ട്. ഇങ്ങനെയായിരിക്കും കാലം ഫാത്തിമ നഫീസയെന്ന നജീബിന്റെ ഉമ്മയോട് നീതി ചെയ്യുക.
Content Highlight:A question that marks a decade: Where is Najeeb?
