കഥപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് ജഡ്ജ് ചെയ്യാൻ താൽപര്യമില്ലായിരുന്നു; ‘രേഖാചിത്രം’ കഥാപാത്രത്തെക്കുറിച്ച് സറിൻ ഷിഹാബ്
Malayalam Cinema
കഥപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് ജഡ്ജ് ചെയ്യാൻ താൽപര്യമില്ലായിരുന്നു; ‘രേഖാചിത്രം’ കഥാപാത്രത്തെക്കുറിച്ച് സറിൻ ഷിഹാബ്
അജ്മല്‍ കെ
Sunday, 23rd August 2026, 1:19 pm

‘രേഖാചിത്രം’ സിനിമയിലെ പുഷ്പം എന്ന കഥാപാത്രത്തെ നെഗറ്റീവ് കഥാപാത്രമായി കാണാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്ന് നടി സറിൻ ഷിഹാബ്. പുഷ്പം ചെയ്യുന്ന കാര്യങ്ങളെല്ലാം അവളുടെ കാഴ്ചപ്പാടിൽ ശരിയാണെന്നും, ജീവിതത്തിലെ നിലവിലെ സാഹചര്യത്തിൽ നിന്ന് തന്നെത്തന്നെ മാറ്റാൻ കഴിയുക തനിക്ക് മാത്രമാണെന്ന ശക്തമായ വിശ്വാസത്തിലാണ് കഥാപാത്രം മുന്നോട്ട് പോകുന്നതെന്നും സറിൻ പറഞ്ഞു.

‘അവരുടെ കണ്ണിൽ അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയാണ്. പുഷ്പം ഭയങ്കര സ്ട്രോങ്ങ് ആയ കഥാപാത്രമാണ്. ലൈഫിലെ കറന്റ് സിറ്റുവേഷനിൽ നിന്ന് തനിക്ക് മാത്രമേ തന്നെ മാറ്റാൻ പറ്റുകയുള്ളൂ എന്ന ശക്തമായ വിശ്വാസത്തിൽ നിന്നാണ് ആ കഥാപാത്രം എല്ലാം ചെയ്യുന്നത്. അതുകൊണ്ട് അതിനെ നെഗറ്റീവ് കഥാപാത്രമായിട്ടോ പോസിറ്റീവ് കഥാപാത്രമായിട്ടോ ജഡ്ജ് ചെയ്യാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല,’ സറിൻ പറഞ്ഞു.

സറിൻ ഷിഹാബ്.Photo: Screengrab/ Youtube.com

‘രേഖാചിത്ര’ത്തിന്റെ തിരക്കഥയിൽ പുഷ്പയ്ക്ക് അധികം ഡയലോഗുകളോ വലിയ സ്പേസോ ഉണ്ടായിരുന്നില്ലെന്നും സറിൻ വ്യക്തമാക്കി. എന്നാൽ കഥാപാത്രത്തിന് പെർഫോം ചെയ്യുമ്പോൾ വലിയ സാധ്യതകളുണ്ടെന്ന് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആ സമീപനമാണ് തന്റെ ഉള്ളിലെ അഭിനേത്രിയെ കൂടുതൽ പ്രോത്സാഹിപ്പിച്ചതെന്നും സറിൻ പറഞ്ഞു.

‘സ്ക്രിപ്റ്റ് വായിക്കുമ്പോൾ കഥാപാത്രത്തിന് അധികം സ്പേസ് ഇല്ലെന്ന് തോന്നും. പക്ഷെ നമ്മൾ പെർഫോം ചെയ്ത് എടുക്കുമ്പോൾ നല്ല പൊട്ടൻഷ്യൽ ഉള്ള കഥാപാത്രമാണെന്നും ഒരുമിച്ച് എക്സ്പ്ലോർ ചെയ്യണമെന്നുമാണ് അവർ പറഞ്ഞത്. അത് എന്നെ ഭയങ്കരമായി എൻകറേജ് ചെയ്തു. നമ്മുടെ ഉള്ളിലെ ആക്ടറിനെയും അത് ശരിക്കും എൻകറേജ് ചെയ്തു. നല്ലൊരു കൊളാബറേഷൻ ആയിരുന്നു അത്,’ സറിൻ പറഞ്ഞു.

സിനിമയിലെ മർഡർ സീൻ ചിത്രീകരിച്ചതിനെക്കുറിച്ചും സറിൻ സംസാരിച്ചു. തിരക്കഥയിൽ ചെറിയൊരു പാരഗ്രാഫിൽ മാത്രമാണ് ആ രംഗം വിവരിച്ചിരുന്നതെന്നും ബാക്കിയുള്ളവ ലൊക്കേഷനിൽ വെച്ച് ഇംപ്രൊവൈസ് ചെയ്തതാണെന്നും താരം വ്യക്തമാക്കി.

രംഗത്തിന്റെ കൊറിയോഗ്രഫിയും മൂവ്‌മെന്റുകളും ടെക്നിക്കൽ ടീമിനും സ്റ്റണ്ട് മാസ്റ്ററിനുമൊപ്പം സറിനും അനശ്വര രാജനും ചേർന്നാണ് രൂപപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള കംഫർട്ട് ലെവൽ രംഗം സ്വാഭാവികമായി അവതരിപ്പിക്കാൻ സഹായിച്ചെന്നും സറിൻ പറഞ്ഞു.

സറിൻ ഷിഹാബ്.Photo: Screengrab/ Youtube.com

‘ഞാനും അനശ്വരയും തമ്മിൽ അത്രയും കംഫർട്ടബിൾ ആയതുകൊണ്ട് ഓരോ കാര്യവും അതിന്റെ വ്യത്യസ്ത വേരിയേഷനുകളോടെ പെട്ടെന്ന് ചെയ്യാൻ കഴിഞ്ഞു. അനശ്വരയുടെ കഥാപാത്രം ഒരു ആൺകുട്ടിയായിരുന്നെങ്കിൽ ആ കംഫർട്ട് എനിക്ക് ഒരിക്കലും വരില്ലായിരുന്നു എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കിൽ അബദ്ധത്തിൽ കൈ എവിടെയെങ്കിലും തട്ടിപ്പോയാൽ പോലും അയാൾ എന്ത് വിചാരിക്കും എന്ന ചിന്ത നമ്മുടെ മനസ്സിലുണ്ടാകും. ആ ചിന്ത എപ്പോഴും നമ്മളെ ബ്ലോക്ക് ചെയ്യും,’ സറിൻ കൂട്ടി ചേർത്തു.

Content Highlight: Zarin Shihab talks about her character in Rekhachithram

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.