നീ റോഷനുമായി പ്രണയത്തിലായിരുന്നോ? എക്‌സൈറ്റഡായ ഒരാള്‍ എന്നെ വിളിച്ച് ചോദിച്ചു: ആസിഫ് അലി
Entertainment news
നീ റോഷനുമായി പ്രണയത്തിലായിരുന്നോ? എക്‌സൈറ്റഡായ ഒരാള്‍ എന്നെ വിളിച്ച് ചോദിച്ചു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 4:18 pm

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിലൂടെ സിബി മലയില്‍ കാണിക്കുന്നത്. ചുവന്ന നിറത്തിലും, കാവി നിറത്തിലുമുള്ള രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പ്രതികാരവും കൊലപാതകങ്ങളുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

ആസിഫ് അലിയും റോഷന്‍ മാത്യുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. ചിത്രത്തിലെ തന്റെയും റോഷന്‍ മാത്യുവിന്റെയും കഥാപാത്രങ്ങളെക്കുറിച്ച് കൊത്ത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ആസിഫ് അലി.

‘കുറേനാള്‍ കൂടി ഭയങ്കര എക്‌സൈറ്റഡായി ഒരുപാട് പേര്‍ വിളിച്ച റിലീസ് ഡേ ആയിരുന്നു ഇന്നലെ. അതില്‍ എനിക്ക് കൂടുതല്‍ കുസൃതി തോന്നിയ ഒരു ചോദ്യം എന്റെടുത്ത് ചോദിച്ചത് നീ റോഷനുമായി പ്രണയത്തിലായിരുന്നോ? എന്നാണ്. കാര്യം നിഖിലയോടുണ്ടായിരുന്ന കെമിസ്ട്രിയേക്കാള്‍ നല്ല കെമിസ്ട്രിയായിരുന്നു റോഷനോട് ഉണ്ടായിരുന്നത്.

സിനിമയിലെ ക്ലൈമാക്‌സിലുള്ള ഒരു സീനുണ്ട്, ഞാനും റോഷനും കൂടെ ബൈക്കില്‍ വരുന്നത്. ആ സീനിന്റെ സ്‌ക്രിപ്റ്റ് വായിച്ചതാണ്, അത് ഷൂട്ട് ചെയ്തതാണ്, ഡബ്ബ് ചെയ്തതാണ്, എന്നിട്ടും ആ സിനിമ കണ്ടപ്പോള്‍ റോഷന്റെ കൈ എന്നെ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കുന്ന സീനില്‍ തിയേറ്ററിലിരുന്ന് എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് അത്രയും കണക്റ്റായി അത്.

വളരെ ജെനുവിനായിട്ടുള്ള റിലേഷനാണ് സിനിമയിലെ കഥാപാത്രങ്ങളായ സുമേഷും ഷാനും തമ്മിലുള്ളത്. ഒരാളെ ജീവതത്തില്‍ എന്നെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ ആ ഇമോഷനിലേക്ക് നമ്മള്‍ എത്തും. അത് തന്നെയായിരുന്നു എനിക്ക് എന്റെ വീട്ടില്‍ നിന്ന് കിട്ടിയ ഫീഡ്ബാക്കും. സിനിമക്ക് ജെനുവിന്‍ ആയ ഫീഡ്ബാക്ക് കിട്ടിയതിന് ശേഷം എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്’ ആസിഫ് അലി പറഞ്ഞു.

Content Highlight: You were in love with Roshan Mathew? An Excited man called and asked me after movie release; says Actor Asif Ali