വണ്ടിയിലിരുന്ന് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു, പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ പോകാമെന്ന് പറഞ്ഞു: അനുഭവം പങ്കുവെച്ച് ദിനേശ് പണിക്കര്‍
Film News
വണ്ടിയിലിരുന്ന് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു, പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ പോകാമെന്ന് പറഞ്ഞു: അനുഭവം പങ്കുവെച്ച് ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 3:44 pm

നമ്മള്‍ ചെയ്ത ചെറിയ കാര്യങ്ങള്‍ പോലും മമ്മൂട്ടി മറക്കില്ലെന്ന് പറയുകയാണ് നടന്‍ ദിനേശ് പണിക്കര്‍. ഒരിക്കല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടയില്‍ മമ്മൂട്ടിക്ക് അസ്വസ്ഥത ഉണ്ടായ സംഭവം വിവരിച്ച് കൊണ്ടാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പണിക്കര്‍ ഇക്കാര്യം പറഞ്ഞത്.

‘ഒരു ദിവസം നാട്ടില്‍ വന്നപ്പോള്‍ മമ്മൂക്ക വിളിച്ച് ഇവിടുണ്ടെന്ന് പറഞ്ഞു. വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് പോകണം. അദ്ദേഹത്തിനൊപ്പം ഭാര്യയുമുണ്ട്. ബാവി എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ പങ്കജില്‍ ചെന്നു. മമ്മൂക്ക എന്റെയൊപ്പം വണ്ടിയുടെ മുമ്പില്‍ കയറി. ബാവി പുറകിലത്തെ സീറ്റില്‍ ഇരുന്നു. മമ്മൂക്ക വണ്ടികളോട് വലിയ ക്രേസ് ഉള്ളയാളാണ്. ഇടക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം വണ്ടി ഓടിക്കാറുണ്ട്. എന്റെ വണ്ടിയും ഇടക്ക് അദ്ദേഹം അങ്ങനെ ഓടിക്കാറുണ്ട്. എന്തായാലും അന്ന് ഞാനാണ് ഓടിക്കുന്നത്

കാറില്‍ വെച്ച് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു. ബാവി പുറകില്‍ ഇരുന്നത് കൊണ്ട് മനസിലായില്ല. വണ്ടി ഓടിക്കുന്നതിനൊപ്പം എന്ത് പറ്റി, പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക പറഞ്ഞു.

എയര്‍പോര്‍ട്ടിലേക്ക് തന്നെ പോകാമെന്ന് ഞാന്‍ പറഞ്ഞു. അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടറുണ്ടാവും. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് എനിക്കറിയാവുന്ന ഒരു ഡോക്ടര്‍ പ്രസാദ് ആയിരുന്നു. പ്രസാദ് മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കി. ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു.

അന്നത്തെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി. മമ്മൂക്കക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ ഒബ്‌സര്‍വേഷനില്‍ വെച്ചു. എനിക്ക് തോന്നുന്നത് മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അത്. എന്താണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ല.

പിന്നീട് പ്രീസ്റ്റ് എന്ന സിനിമയില്‍ മമ്മൂക്കക്കൊപ്പം ഞാനുമുണ്ടായിരുന്നു. അന്ന് മമ്മൂക്ക എന്നോട് ആ സംഭവത്തെ പറ്റി പറഞ്ഞു. ഞാന്‍ അത് മറന്നതായിരുന്നു, എന്നാല്‍ മമ്മൂക്ക മറന്നിരുന്നില്ല. അതാണ് വലിയ നടന്മാരെ പറ്റി അഭിമാനിക്കാനുള്ള ഒരു കാര്യം. കാരണം ഇങ്ങനത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അവരുടെ മനസില്‍ ഉണ്ടാവും. നമ്മള്‍ അവരോട് കാണിക്കുന്ന ആദരവ് കണ്ടിട്ടായിരിക്കാം അന്ന് കാണിച്ച സ്‌നേഹം മമ്മൂക്ക ഇന്നും തുടരുന്നു,’ ദിനേശ് പറഞ്ഞു.

Content Highlight: Dinesh Panicker recounted the incident where Mammootty once got upset while going to the airport