ഞാന്‍ ഒരു നല്ല സിനിമ ചെയ്യണമെന്ന് ഇവര്‍ക്കെല്ലാം ഡെസ്പരേറ്റായി ആഗ്രഹമുണ്ട്: ആസിഫ് അലി
Film News
ഞാന്‍ ഒരു നല്ല സിനിമ ചെയ്യണമെന്ന് ഇവര്‍ക്കെല്ലാം ഡെസ്പരേറ്റായി ആഗ്രഹമുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 1:01 pm

നല്ല സിനിമകള്‍ സെലക്റ്റ് ചെയ്യുന്നതിനുള്ള തന്റെ കഴിവില്‍ വിശ്വാസമില്ലെന്ന് ആസിഫ് അലി. താന്‍ നല്ല സിനിമകളെന്ന് വിശ്വസിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ ഓടാറില്ലെന്നും പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

‘ഞാന്‍ റിയാലിറ്റിയില്‍ ജീവിക്കുന്ന ഒരാളാണ്. കഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്റിറ്റി വേണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. എപ്പോഴും കമ്മിറ്റഡായി നില്‍ക്കുന്നത് രണ്ട് പേരോടാണ്, ഒന്ന് നമ്മളെ വിശ്വസിച്ച് പൈസ ഇറക്കുന്ന പ്രൊഡ്യൂസര്‍, മറ്റൊന്ന് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകര്‍. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സന്തോഷം കൊടുക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ അത് വളരെ മോശമായ ഒരു കാര്യമാണ്. തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്.

നല്ല സിനിമകള്‍ സെലക്റ്റ് ചെയ്യാനുള്ള എന്റെ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല. ഞാന്‍ വിശ്വസിക്കുന്ന നല്ല സിനിമകള്‍ ഓടുന്ന സിനിമകളാകണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് ടൊറന്റ് സൂപ്പര്‍ സ്റ്റാറാണെന്നുള്ള പേര് പണ്ട് ആസ്വദിച്ചിരുന്നത്.

പല സിനിമകളും തിയേറ്ററുകളില്‍ വളരെ ദയനീയമായി പരാജയപ്പെടുകയും, അത് ടോറന്റില്‍ വന്ന് കഴിയുമ്പോള്‍ വളരെയധികം ആളുകള്‍ കാണുകയും ചെയ്യും. കണ്ടവര്‍ എന്നെ വിളിച്ച് ചോദിക്കും ഈ പടം എങ്ങനെയാ പൊട്ടിയതെന്ന്. നിങ്ങള്‍ പറ, നിങ്ങള്‍ തിയേറ്ററില്‍ പോകാതെ ടൊറന്റിലല്ലേ കാണുന്നതെന്ന് ഞാന്‍ ചോദിക്കും.

ഒരു ലോങ്ങ് റണ്ണാണ് എന്റെ കരിയറിനെ പറ്റി ഞാന്‍ എപ്പോഴും കാണുന്ന സ്വപ്നം. അതിന് കാര്യങ്ങള്‍ മനസിലാക്കി ബേസ് സ്‌ട്രോങ്ങാക്കി മാറ്റണം,’ ആസിഫ് അലി പറഞ്ഞു.

തന്റെ ആരാധകരുമായി സൂക്ഷിക്കുന്ന ഇന്റിമേറ്റ് റിലേഷനെ പറ്റിയും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു. ‘ചാക്കോച്ചന്‍, പൃഥ്വി, ഇന്ദ്രേട്ടന്‍, ജയേട്ടന്‍ ഇവരൊക്കെ വന്നുകഴിഞ്ഞ് പിന്നെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആക്ടീവായി നില്‍ക്കുന്ന പല ആളുകളും ആദ്യം എന്നെ കണ്ട് ഇഷ്ടപ്പെട്ട് പോയിട്ടുണ്ടായിരിക്കാം. പിന്നെ ഇവര്‍ക്കെല്ലാം ഡെസ്പരേറ്റ് ആയിട്ട് ആഗ്രഹമുണ്ട് ഞാന്‍ ഒരു നല്ല സിനിമ ചെയ്യണമെന്ന്,’ ആസിഫ് കൂട്ടിച്ചേര്‍ത്തു.

സിബി മലയിലിന്റെ സംവിധാനത്തിലെത്തിയ കൊത്താണ് ഒടുവില്‍ പുറത്തിറങ്ങിയ ആസിഫിന്റെ സിനിമ. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലെത്തിയ സിനിമയില്‍ റോഷന്‍ മാത്യുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight: Asif Ali says he has no confidence in his ability to select good films