യേ ജവാനി ഹേ ദിവാനിയെ മറികടന്ന് ബ്രഹ്മാസ്ത്ര; രണ്‍ബീര്‍ കപൂറിന്റെ അഞ്ച് പണംവാരി പടങ്ങള്‍
Entertainment news
യേ ജവാനി ഹേ ദിവാനിയെ മറികടന്ന് ബ്രഹ്മാസ്ത്ര; രണ്‍ബീര്‍ കപൂറിന്റെ അഞ്ച് പണംവാരി പടങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 3:34 pm

രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗം ശിവ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം പണം വാരിയ രണ്‍ബീര്‍ കപൂറിന്റെ സിനിമകളില്‍ യേ ജവാനി ഹേ ദിവാനിയെ മറികടന്ന് ബ്രഹ്മാസ്ത്ര രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ആദ്യ ആഴ്ചയിലെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ചിത്രം ആഗോള തലത്തില്‍ 300 കോടി നേടിയെന്നാണ് നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് പുറത്തുവിട്ട ട്വീറ്റില്‍ പറഞ്ഞിരുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം 191.30 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെയാണ് ഇന്ത്യയില്‍ നിന്നും 180 കോടി കളക്റ്റ് ചെയ്ത യേ ജവാനി ഹേ ദിവാനിയുടെ നേട്ടം ബ്രഹ്മാസ്ത്ര മറികടന്നത്.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജുവാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം. 342.53 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്നും ഗ്രോസ് ചെയ്തത്.

180 കോടി കളക്ഷനുമായി യേ ജവാനി ഹേ ദിവാനി ബ്രഹ്മാസ്ത്രക്ക് പിന്നില്‍ മൂന്നാമതായുള്ളത്.

നാലാം സ്ഥാനത്ത് യേ ദില്‍ ഹേ മുഷ്‌കിലും (112.48 കോടി), അഞ്ചാം സ്ഥാനത്ത് ബര്‍ഫിയുമാണ് (112.15 കോടി) പട്ടികയില്‍.

റിലീസ് ചെയ്ത ആദ്യ ദിവസം 75 കോടി രൂപയായിരുന്നു ചിത്രം ലോകമെമ്പാട് നിന്നും കളക്ട് ചെയ്തത്.

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാസ്ത്രയില്‍ ആലിയ ഭട്ടാണ് നായികയായെത്തുന്നത്. അയാന്‍ മുഖര്‍ജി തന്നെയായിരുന്നു യേ ജവാനി ഹേ ദിവാനിയുടെയും സംവിധായകന്‍.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരാണ് ബ്രഹ്മാസ്ത്രയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പഴയ ഒരു അഭിമുഖത്തില്‍, തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞ രണ്‍ബീര്‍ കപൂറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കുത്തിപ്പൊക്കി കൊണ്ട് ബ്രഹ്മാസ്ത്രക്കെതിരെ സംഘപരിവാര്‍- ഹിന്ദുത്വ പ്രൊഫൈലുകള്‍ ബോയ്‌കോട്ട് ക്യാമ്പെയിനും ആരംഭിച്ചിരുന്നു.

ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണുമായിരിക്കും കേന്ദ്ര കഥാപാത്രങ്ങളായെത്തുക.

Content Highlight: Highest grossing films of Ranbir Kapoor, Brahmastra in second position