ന്യൂദല്‍ഹി: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിനും കേന്ദ്രസര്‍ക്കാരിനും കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. രാത്രി പത്ത് മണിക്കായാലും റോഡിലൂടെ നടക്കുമ്പോയോ മെട്രോയിലൂടെ യാത്ര ചെയ്യുമ്പോഴോ രാജ്യത്തെ ഓരോ സ്ത്രീയും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം. ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയുടെ നേതൃത്തിലുള്ള ബെഞ്ചാണ് ദല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡന സംഭവങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്. ഇതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

‘ദല്‍ഹിയിലെ റോഡുകളിലൂടെയോ മെട്രോയിലോ രാത്രി 10 മണിക്കായാലും 11 മണിക്കായാലും സ്ത്രീകള്‍ക്ക് ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് നാം ഉറപ്പുവരുത്തണം,’ ജസ്റ്റിസ് പര്‍ദിവാല വ്യക്തമാക്കി.

സ്ത്രീസുരക്ഷയ്ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ വെറും കടലാസില്‍ മാത്രം ഒതുങ്ങരുതെന്നും അവ പ്രായോഗികമായി നടപ്പിലാക്കി സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ഒരു കുറ്റകൃത്യം നടന്നതിന് ശേഷം നടപടിയെടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി, കുറ്റകൃത്യങ്ങള്‍ നടക്കാതെ മുന്‍കൂട്ടി തടയുന്നതിലാകണം പൊലീസ് ശ്രദ്ധിക്കേണ്ടത്. നിയമപാലനത്തിലെ വീഴ്ചകള്‍ അക്രമികള്‍ക്ക് സഹായകരമാകരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക വിരുദ്ധരുടെയും സ്ഥിരം ലൈംഗിക കുറ്റവാളികളുടെയും മനസില്‍ കടുത്ത ഭയമുണ്ടാക്കാന്‍ തക്കവിധം ദല്‍ഹി പൊലീസ് വളരെ കര്‍ക്കശമായി പെരുമാറണമെന്നും കോടതി നിര്‍ദേശിച്ചു.

സമീപകാലത്ത് ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്ലീപ്പര്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതും, ആസ്ത കുഞ്ച് പാര്‍ക്കില്‍ 17കാരി ആക്രമിക്കപ്പെട്ടതും ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടല്‍. നഗരത്തിലെ ചില പ്രത്യേക ഭാഗങ്ങളിലും പാര്‍ക്കുകളിലും സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുജന ധാരണ തിരുത്തപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു.

 

Content Highlight: Women can step out on the roads even at 10 PM; it is the criminals who should be afraid: Supreme Court issues stern warning to Delhi Police.