സഞ്ജു ടീമിലേക്ക് തിരിച്ചെത്തുമോ? നിര്‍ണായക സൂചനയുമായി ഡോഷേറ്റ്
Cricket
സഞ്ജു ടീമിലേക്ക് തിരിച്ചെത്തുമോ? നിര്‍ണായക സൂചനയുമായി ഡോഷേറ്റ്
ഫസീഹ പി.സി.
Monday, 23rd February 2026, 12:46 pm

2026 ടി – 20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കന്‍ ടീമിന് എതിരെ ഇന്ത്യന്‍ താരങ്ങള്‍ പതറുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ ഒന്നടങ്കം നിറം മങ്ങിയിരുന്നു. ഇഷാന്‍ കിഷനും തിലക് വര്‍മയും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും ചെറിയ സ്‌കോറുമായാണ് തിരികെ നടന്നത്.

ഇഷാൻ കിഷനും തിലക് വർമയും. Photo: BCCI/x.com

കിഷന്‍ ഡക്കായപ്പോള്‍ തിലക് ഒരു റണ്‍സ് മാത്രമാണ് നേടിയത്. ഇതുവരെ ടൂര്‍ണമെന്റില്‍ റണ്‍സ് കണ്ടെത്താതിരുന്ന അഭിഷേക് 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. 22 പന്തില്‍ 18 റണ്‍സെടുത്ത സൂര്യക്കും വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഷേകിന്റെ മോശം തുടരുന്നതാണ് ഇത്തരമൊരു സാധ്യതകളെ കുറിച്ച് ആരാധകര്‍ സംസാരിക്കുന്നത്.

സഞ്ജു സാംസൺ. Photo: BCCI/x.com

അതിന് പുറമെ, സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്നത് കഴിഞ്ഞ ദിവസം മത്സരശേഷം ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞ വാക്കുകള്‍ കൂടിയാണ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ലാത്തത് പിന്നാലെ എത്തുന്ന ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതിനാല്‍ തന്നെ അടുത്ത മത്സരത്തിന് മുന്നോടിയായി സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരാണോ അതോ നിലവിലെ കോമ്പിനേഷനുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നും ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ഇതുവരെ കളിച്ച അഞ്ചില്‍ നാല് മത്സരത്തിലും എതിരാളികള്‍ പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്മാരെ വെച്ചാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. അപ്പോഴെല്ലാം അവര്‍ക്ക് വിക്കറ്റും ലഭിച്ചു. നമ്മുടെ ഇന്നിങ്സുകള്‍ പൂജ്യം റണ്ണിന് ഒരു വിക്കറ്റ് എന്ന നിലയില്‍ തുടങ്ങേണ്ടി വരുന്നത് ലിങ്ക് താരങ്ങളായ തിലക് വര്‍മയെയും സൂര്യകുമാര്‍ യാദവിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.

നമ്മുക്ക് ഒരു സ്ഥിരതയുള്ള ടീമിനെയാണ് വേണ്ടത്. നിലവില്‍ ടീമിലുള്ളവര്‍ മികച്ച താരങ്ങളാണ്. എന്നാലിവര്‍ ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈ ഘട്ടത്തില്‍ ഈ കോമ്പിനേഷനുമായി മുന്നോട്ട് പോകണോ അതോ വലം കൈയ്യന്‍ ബാറ്റാറായ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് ഇതൊരു ചര്‍ച്ച വിഷയമായിരിക്കും,’ ഡോഷേറ്റ് പറഞ്ഞു.

അതേസമയം, സഞ്ജുവിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയ ആവശ്യം ഉയര്‍ത്തുണ്ട്. ചിലര്‍ അഭിഷേകിനെ മാറ്റി മലയാളി താരത്തെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാനാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ മറ്റ് ചിലര്‍ ഓപ്പണര്‍മാരെ നിലനിര്‍ത്തി തിലകിന് പകരക്കാരനായി സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കണമെന്നും പറയുന്നു.

Content Highlight: Will this Sanju Samson return to Indian team in T20 World Cup; Assistant Coach Ryan Ten Doeschate make important statement

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി