പൂനെ: പൂനെ സിംഹഗഡ് കോട്ടയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. ഷോര്‍ട്‌സ് ധരിച്ചെത്തിയതിനായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഷോര്‍ട്‌സും സ്ലീവ്ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉള്‍പ്പെടെ നാല് സഞ്ചാരികളെ ഒരു വലതുപക്ഷ സംഘടനയിലെ അംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ‘സമസ്ത ഹിന്ദു ബാന്ധവ് ആര്‍മി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൂനെ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സിംഹഗഡ് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തിയത്.
‘നിങ്ങള്‍ എന്തുകൊണ്ടാണ് ഷോര്‍ട്‌സ് ധരിച്ചിരിക്കുന്നത്? ഹിന്ദു സംസ്‌കാരം എന്താണെന്ന് നിങ്ങള്‍ക്കറിയില്ലേ?’ എന്ന് ആക്രോശിച്ചുകൊണ്ട് മൂന്ന് പുരുഷന്മാര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയും, ഒരു സ്ത്രീ തന്റെ ഭാര്യയെ പിടിച്ചുവലിക്കുകയും ചെയ്തതായി 39കാരനായ പരാതിക്കാരന്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് പരാതി നല്‍കാനായി ഹവേലി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മറ്റ് മൂന്ന് വിനോദസഞ്ചാര സംഘങ്ങള്‍ക്കും നേരെയും ഇതേ ആളുകള്‍ ആക്രമണം നടത്തിയതായി അറിയാന്‍ കഴിഞ്ഞത്.
സങ്കേത് സഞ്ജയ് പാട്ടീല്‍, ആശിഷ് ദിലീപ് അപര്‍, രേവന്‍ നാരായണ്‍ കൊക്ടെ തുടങ്ങി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എട്ട് പേര്‍ക്കെതിരെയും നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Content Highlight: “Why are you wearing shorts? Don’t you know what Hindu culture is?” — Tourists assaulted by Hindutva group in Pune.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.