മലയാള സിനിമാരംഗത്ത് 35 വർഷത്തോളമായി നിലനിൽക്കുന്ന നിർമാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് രജപുത്ര. എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥൻ. മോഹൻലാലിനെ വെച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ തുടരും ചിത്രത്തിലെ ജോർജ് എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.
ഈ സിനിമയുടെ തുടക്കം തൊട്ട് അതിന്റെ ഒരു പോര്‍ഷന്‍ വരെ ജോർജ് എന്ന ക്യാരക്ടർ നെഗറ്റീവ് കഥാപാത്രമാണെന്ന് മനസിലാക്കാൻ പാടില്ലെന്നും അത്തരമൊരു കാര്യം ചെയ്യണമെങ്കിൽ ഇവിടെയുള്ള സാധാരണ ഒരാൾ പറ്റില്ലെന്നും രഞ്ജിത്ത് പറയുന്നു.
വേറെ ആർട്ടിസ്റ്റുകളെ നോക്കിയെങ്കിലും അതൊന്നും കറക്ട് ആയില്ലെന്നും കെ. ആര്‍. സുനില്‍ ആണ് പ്രകാശ് വർമയുടെ ഫോട്ടോ എടുത്തിട്ട് ഇത് ജോര്‍ജിന് പറ്റുമോ എന്ന് ചോദിച്ചതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
‘നമുക്കിതൊരു പരീക്ഷണമാണെന്ന്. ഇദ്ദേഹത്തെ ഒന്ന് കിട്ടുമോ എന്ന് നോക്കട്ടെ’ എന്നാണ് തരുൺ പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
‘ഈ സിനിമയുടെ തുടക്കം തൊട്ട് അതിന്റെ ഒരു പോര്‍ഷന്‍ വരെ ജോര്‍ജ് എന്ന ക്യാരക്ടർ ഇങ്ങനെയൊരാളാണെന്ന് മനസിലാകാന്‍ പാടില്ല. അങ്ങനെയൊരു സംഭവം ചെയ്യണമെങ്കില്‍ ഇവിടുത്തെ സാധാരണ ഒരാള്‍ വരുമ്പോള്‍ ആദ്യം തന്നെ മനസിലാകും ഇത് ആരാണെന്ന്. അത് മനസിലാകരുത്.
അപ്പോള്‍ അതിന് നമ്മള്‍ എന്ത് ചെയ്തു, വേറെ സ്ഥലത്തുള്ള വലിയ ആളുകളല്ലാത്ത നല്ല ആര്‍ട്ടിസ്റ്റുകളുണ്ടോയെന്ന് നോക്കി. കുറെ ശ്രമങ്ങള്‍ നടത്തി. അപ്പോഴൊന്നും നമുക്ക് കറക്ട് ആകുന്നില്ല. കെ. ആര്‍. സുനിലുമായി പ്രകാശ് വര്‍മക്ക് നല്ല അടുപ്പമാണ്.
പുതിയ ആളുകളെ തെരഞ്ഞെടുത്തുകൊണ്ടിരുന്നപ്പോള്‍ കെ. ആര്‍. സുനില്‍ പ്രകാശ് വര്‍മയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ സുനില്‍ മനസില്‍ തീരുമാനം എടുത്തിട്ടായിരിക്കണം ഒരു ഫോട്ടോ എടുത്തിട്ട് ഇത് ജോര്‍ജിന് പറ്റുമോ എന്ന് ചോദിച്ചു.