മുന്‍ ചാമ്പ്യന്മാരടക്കം ഈ മൂന്ന് ടീമുകള്‍ അവസാന സ്ഥാനത്താകും; സീസണിലെ ദുര്‍ബലരെ തെരഞ്ഞെടുത്തത് വസീം ജാഫര്‍
Cricket
മുന്‍ ചാമ്പ്യന്മാരടക്കം ഈ മൂന്ന് ടീമുകള്‍ അവസാന സ്ഥാനത്താകും; സീസണിലെ ദുര്‍ബലരെ തെരഞ്ഞെടുത്തത് വസീം ജാഫര്‍
ഫസീഹ പി.സി.
Wednesday, 8th April 2026, 5:52 pm

ഐ.പി.എല്‍ 2026 ആരാധകര്‍ വിരുന്നൊരുക്കി ആവേശകരമായി തുടരുകയാണ്. നിലവില്‍ ടൂര്‍ണമെന്റില്‍ 13 മത്സരങ്ങള്‍ അവസാനിച്ചിട്ടുണ്ട്. മൂന്ന് വിജയം സ്വന്തവുമാക്കിയ രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനത്തുളളത്.

രണ്ടാമതായി പഞ്ചാബ് കിങ്സും മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമുണ്ട്. ഒറ്റ വിജയം പോലും നേടാത്ത ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് പോയിന്റ് ടേബിളില്‍ യഥാക്രമം ഒമ്പത്, പത്ത് സ്ഥാനത്തുള്ളത്.

ഇപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും ദുര്‍ബലരായ ടീമുകളെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്കൊപ്പം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരെയാണ് അദ്ദേഹം ദുര്‍ബലരായി തെരഞ്ഞെടുത്തത്.

വസീം ജാഫർ. Photo: CricketGully/x.com

ടോപ് ഓര്‍ഡറിലെ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ മൂന്ന് ടീമുകള്‍ ടോര്‌ന്മെന്റ് അവസാന സ്ഥാനക്കാരായി അവസാനിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘സി.എസ്.കെ യിലെ ടോപ് ഓര്‍ഡറിലുള്ള പ്രധാനപ്പെട്ട താരങ്ങള്‍ ഫോമിലെത്തിയില്ലെങ്കില്‍ ടീം കഷ്ടപ്പെടും. ചെന്നൈയുടെ ഭാവി ഡെവാള്‍ഡ് ബ്രെവിസിന്റെ ഫിറ്റ്‌നസിനെയും ഋതുരാജ് ഗെയ്ക്വാദിന്റെയും സഞ്ജു സാംസണിന്റെയും ഫോമിനെയും ആശ്രയിച്ചായിരിക്കും. അവരുടെ ബൗളിങ്ങും കുറച്ച് ദുര്‍ബലമാണ്. അതുകൊണ്ട് സി.എസ്.കെ പോയിന്റ് ടേബിളില്‍ പിന്നിലാവാന്‍ സാധ്യതയുണ്ട്.

ഇത് തന്നെയാണ് കെ.കെ.ആറിന്റെയും അവസ്ഥയിപ്പോള്‍. അവര്‍ക്ക് മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ സാധിക്കുന്ന എക്‌സ് ഫാക്ടറായ കളിക്കാര്‍ ടീമില്‍ അധികമില്ല. അതൊരു ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കൂടാതെ അവര്‍ ഇതിനോടകം രണ്ട് മത്സരങ്ങള്‍ പരാജയപെട്ടുവെന്നത് സമ്മര്‍ദമുണ്ടാക്കും. ഇത് അവരെ അവസാന സ്ഥാനത്തേക്ക് പിന്തള്ളും.

എല്‍.എസ്.ജിയുടെ കാര്യമെടുക്കുമ്പോള്‍ അവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ലഖ്നൗവിന് മികച്ചൊരു ടീമുണ്ടായിട്ടും കാര്യങ്ങള്‍ അവരുടെ വഴിക്ക് നടക്കുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ അവരെടുത്ത പല തീരുമാനങ്ങളും അത്ര ശരിയായി തോന്നിയില്ല. അവരുടെ സ്പിന്‍ വിഭാഗവും തികച്ചും ദുര്‍ബലമാണെന്നതും അവരെ അവസാന സ്ഥാനത്താക്കും.

ഇത് ടൂര്‍ണമെന്റിന്റെ തുടക്കമാണ്. അതിനാല്‍ ഇവരില്‍ ഒരു ടീമിന് ശരിയായ മൊമെന്റം ലഭിച്ചാല്‍ അവര്‍ക്ക് മുന്നേറാനാകും. ഈ ടീമുകളും അതിനായിരിക്കും ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവില്‍ ഈ മൂന്ന് ടീമുകളാണ് ഏറ്റവും ദുര്‍ബലര്‍,’ വസീം ജാഫര്‍ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സ്. Photo: ChennaiSuperKings/x.com

സി. എസ്. കെ ആദ്യ മൂന്ന് മത്സരങ്ങള്‍ തോല്‍വി വഴങ്ങിയപ്പോള്‍ കെ.കെ.ആര്‍ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ലഖ്നൗവാകട്ടെ ഒരു മത്സരത്തില്‍ ജയിക്കപ്പോള്‍ മറ്റൊന്നില്‍ പരാജയപ്പെട്ടു. ടീം നിലവില്‍ ആറാം സ്ഥാനത്താണ്.

Content Highlight: Wasim Jaffer selects CSK. LSG and KKR as the weakest teams in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി