ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.മത്സരത്തില്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയെങ്കിലും നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടിയായിരുന്നു രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിരാടും നടത്തിയത്. 123.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാടിന്റെ പ്രകടനം. കരിയറിലെ 79ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഇതിന് പുറമെ ഒരു മികച്ച റെക്കോഡ് സ്വന്തമാക്കാനും കിങ് വിരാടിന് സാധിച്ചിരിക്കുകയാണ്.

ഏകദിനത്തില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താനും വിരാടിന് സാധിച്ചു. മാത്രമല്ല ലിസ്റ്റില്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത് ആദം ഗില്‍ക്രിസ്റ്റിനൊപ്പവും റെക്കോഡ് പങ്കുവെക്കുന്നുണ്ട്.

ഏകദിനത്തില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി (ഇന്ത്യ) – 56*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 56

എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 54

രോഹിത് ശര്‍മ (ഇന്ത്യ) – 49*

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 49

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

Content Highlight: Virat Kohli Join With Sachin Tendulkar In  Great Record Achievement