എത്ര ക്രിഞ്ച് എന്ന് പറഞ്ഞാലും ലൗ സ്റ്റോറി ഇസ് ലൗ സ്റ്റോറി; ഴോണറിലെ പുതിയ ഹിറ്റ് ജോഡിയായി ആഷ്‌ലിയും ജസ്റ്റിനും
Malayalam Cinema
എത്ര ക്രിഞ്ച് എന്ന് പറഞ്ഞാലും ലൗ സ്റ്റോറി ഇസ് ലൗ സ്റ്റോറി; ഴോണറിലെ പുതിയ ഹിറ്റ് ജോഡിയായി ആഷ്‌ലിയും ജസ്റ്റിനും
അശ്വിന്‍ രാജേന്ദ്രന്‍
Monday, 24th August 2026, 10:50 pm

ഓണം റിലീസുകളെ എന്നും ആവേശത്തോടെയാണ് മലയാളി പ്രേക്ഷകര്‍ നോക്കിക്കാണാറുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് ഒന്നില്‍ക്കൂടുതല്‍ മികച്ച ചിത്രങ്ങള്‍ എല്ലാക്കാലത്തും തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ഈ ഓണത്തിന് മോളിവുഡിലേക്ക് ചിത്രങ്ങളെത്തിയത്. രണ്ട് ആക്ഷന്‍ ചിത്രങ്ങളും ഒരു റോം-കോം ചിത്രവുമാണ് നേരത്തേ നിശ്ചയിച്ചതെങ്കിലും ദുല്‍ഖറിന്റെ ചിത്രം അവസാന നിമിഷം റിലീസ് മാറ്റിവെക്കുകയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അവസാനം പൃഥ്വിരാജ് സുകുമാരന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയും നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റും റിലീസിനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് കേരളത്തിലെ തിയേറ്ററുകളില്‍ കാര്യങ്ങള്‍ നടക്കുന്നത്. മോഹന്‍ലാല്‍, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ് തുടങ്ങിയവരുടെ കാമിയോ റോളുകള്‍ അടക്കം ഉണ്ടായിട്ടും നിവിന്‍ പോളിയുടെ റോം കോം ചിത്രമായ ബെത്‌ലഹേം ബോക്‌സ് ഓഫീസില്‍ അടിച്ചുകയറുന്ന കാഴ്ചയ്ക്കാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി വീണ്ടും എത്തിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് കാണാം. ഖലീഫയെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഏജ്-ഗ്യാപ് റൊമാന്റിക് ചിത്രം തിയേറ്ററുകളില്‍ പിടിമുറുക്കുന്നത്. എത്ര വലിയ ആക്ഷന്‍ ചിത്രം വന്നാലും ഒരു മികച്ച റൊമാന്റിക് ചിത്രത്തിന് എപ്പോഴും വലിയ മാര്‍ക്കറ്റ് ലഭിക്കുമെന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

നല്ല രീതിയില്‍ ഒരു റൊമാന്റിക് ചിത്രം ചെയ്താല്‍ ഇനി എത്ര തവണ വേണമെങ്കിലും ആ ഴോണര്‍ വര്‍ക്കാകുമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എത്രയൊക്കെ ക്രിഞ്ച് ആണെന്ന് പറഞ്ഞാലും ലൗ സ്റ്റോറിയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും അതിന്റെ പ്രധാന കാരണം ഇത്തരത്തില്‍ ലൗ സ്റ്റോറി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് ഒരേ സമയം കണക്ടാവുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വമ്പന്‍ റിലീസുകള്‍ക്കൊപ്പവും ബെത്‌ലഹേം വിജയിയായി മുന്നേറുന്ന സാഹചര്യത്തിലാണ് വിനീതിന്റ പഴയ വാക്കുകള്‍ വൈറലാകുന്നത്.

Content Highlight: Vineeth Sreenivasan’s old video goes viral after Bethlehem Kudumba unit movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.