പുതിയ വിജയ് ചിത്രം ലോകേഷ് യൂണിവേഴ്‌സിന്റെ ഭാഗമാണ്; സ്ഥിരീകരിച്ച് നരേന്‍
Entertainment
പുതിയ വിജയ് ചിത്രം ലോകേഷ് യൂണിവേഴ്‌സിന്റെ ഭാഗമാണ്; സ്ഥിരീകരിച്ച് നരേന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 1:22 pm

വിക്രം സിനിമയുടെ റിലീസോടെ തുടക്കം കുറിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ചിത്രത്തിലെ ഓരോ കൈതി റഫറന്‍സും തിയേറ്ററുകളില്‍ ആരവമുയര്‍ത്തിയിരുന്നു.

വരാന്‍ പോകുന്ന സിനിമകളും എല്‍.സി.യുവിന്റെ ഭാഗമാകുമെന്ന് ലോകേഷും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കാര്‍ത്തിയും സൂര്യയും കൈതിയും റോളക്‌സുമായി എത്തുന്ന സിനിമയുണ്ടാകുമോ, കൈതി 2വില്‍ റോളക്‌സുണ്ടാകുമോ എന്നീ ചോദ്യങ്ങളായിരുന്നു ഒരു കോണില്‍ നിന്നും ഉയര്‍ന്നത്.

എന്നാല്‍ വിജയ്‌യെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ലോകേഷ് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുമോ എന്നറിയാന്‍ കാത്തിരുന്നവരുടെ എണ്ണം അതിനേക്കാള്‍ പതിന്മടങ്ങ് കൂടുതലായിരുന്നു.

ലോകേഷ് നേരത്തെ ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ യൂണിവേഴ്‌സിന്റെ ഭാഗമാകുമോയെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ ഒരു മറുപടി ലോകേഷ് നല്‍കിയിരുന്നില്ല.

എന്നാല്‍ ലോകേഷ് യൂണിവേഴ്‌സിലെ പ്രിയപ്പെട്ട കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബിജോയ് തന്നെ അക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദളപതി 67നിലൂടെ വിജയ്‌യും യൂണിവേഴ്‌സിലെത്തുന്ന കാര്യം നരേന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

‘കൈതിയിലെ ഇന്‍സ്പെക്ടര്‍ ബിജോയ് എന്ന കഥാപാത്രം തന്നെയാണ് ഞാന്‍ വിക്രമിലും ചെയ്തത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ചര്‍ച്ചകള്‍ക്കെല്ലാം തുടക്കം ആ കഥാപാത്രത്തില്‍ നിന്നായതില്‍ വലിയ സന്തോഷമുണ്ട്.

ലോകേഷ് നിലവില്‍ ചെയ്യാന്‍ പോകുന്ന വിജയ് ചിത്രവും എല്‍.സി.യുവിന്റെ ഭാഗമാണ്. എന്നാല്‍, അതില്‍ ഞാനില്ല. അതിനുശേഷം കൈതി 2 വരും. അതില്‍ ഞാന്‍ ഭാഗമാണ്. വലിയ ക്യാന്‍വാസിലാണ് കൈതി 2 ഒരുങ്ങുന്നത്. ഇത്തരത്തില്‍ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്. ലോകേഷിന്റെ മികവിനാല്‍ മാത്രമാണ് അതിനു സാധ്യമായത്,’ നരേന്‍ പറഞ്ഞു.

നരേന്റെ വാക്കുകള്‍ സിനിമാഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കമല്‍ഹാസനും വിജയ്‌യും സൂര്യയും കാര്‍ത്തിയും ഫഹദും വിജയ് സേതുപതിയുമെല്ലാം ഒന്നിച്ചെത്തുന്ന ഒരു ഫ്രെയിം സ്‌ക്രീനില്‍ കാണാനാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് കാണികള്‍.

Content Highlight: Vijay’s Thalapathy67 will be a part of Lokesh Cinematic Universe, confirms Narain