ദുല്‍ഖറുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: വിജയ് ദേവരകൊണ്ട
Entertainment news
ദുല്‍ഖറുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th August 2022, 9:23 am

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു.

സിനിമയെ കുറിച്ച് സംസാരിക്കാന്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദുല്‍ഖറുമായി ചേര്‍ന്ന് മള്‍ട്ടി സ്റ്റാര്‍ സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ദേവരകൊണ്ട പറഞ്ഞത്.

ഇരുവരും മഹാനടിയില്‍ ഒരുമിച്ച് എത്തിയിരുന്നു.
തങ്ങള്‍ രണ്ട് പേരും ഒരുമിച്ചുള്ള ചിത്രം പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് നടക്കാതെ പോയതാണെന്നും വിജയ് ദേവരകൊണ്ട പറയുന്നു.

‘ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണ്. എനിക്ക് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ചുരുക്കം നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. മഹാനടിയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് പക്ഷെ അത്തരത്തിലുള്ള ഒരു വേഷമല്ല മറിച്ച് പോലീസ് വേഷങ്ങളും കോമഡിയും ചെയ്യാന്‍ കൂടുതല്‍ താല്പര്യമുണ്ട്,’ വിജയ് ദേവരകൊണ്ട പറയുന്നു.

ലൈഗര്‍ മികച്ച അനുഭവം തന്നെയായിരുക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നും വിജയ് ദേവരകൊണ്ട പറയുന്നുണ്ട്. കൂടാതെ റീമേക്കുകള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലയെന്നും വിജയ് കൂട്ടിച്ചേര്‍ക്കുന്നു.

‘പറഞ്ഞ കഥകള്‍ തന്നെ വീണ്ടും പറയാന്‍ എനിക്ക് താല്പര്യമില്ല അതുകൊണ്ടാണ് റീമേക്കുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല എന്ന് പറയുന്നത്. ദിവസവും പുതിയ പുതിയ കഥകള്‍ വരുന്നുണ്ട് അതിനാണ് ഞാന്‍ കൂടുതല്‍ പ്രാധ്യാന്യം കൊടുക്കുന്നത്,’ വിജയ് പറയുന്നു.

അതേസമയം തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍.

പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ലൈഗര്‍ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയും റിലീസ് ചെയ്യുന്നുണ്ട്.

പ്രശസ്ത ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കേരളത്തില്‍ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.


പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയും, ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയുമാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. പൂജ ഹെഗ്‌ഡേയാണ് പുരിയുടെ ചിത്രത്തില്‍ നായിക. അതേസമയം സമന്തയാണ് ഖുശിയില്‍ നായികയായി എത്തുന്നത്.

Content Highlight: Vijay Deverakonda says that he wish to do a multi star movie with Dulquer Salmaan