ഇനി മൂന്ന് നാള്‍ കൂടി; തീ പാറും രംഗങ്ങളുമായി ഹൗസ് ഓഫ് ദി ഡ്രാഗണ്‍ പ്രൊമോ വീഡിയോ
Film News
ഇനി മൂന്ന് നാള്‍ കൂടി; തീ പാറും രംഗങ്ങളുമായി ഹൗസ് ഓഫ് ദി ഡ്രാഗണ്‍ പ്രൊമോ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th August 2022, 11:23 pm

ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ വെബ് സീരിസാണ് ഗെയിം ഓഫ് ത്രോണ്‍സ്. അതുവരെയുണ്ടായിരുന്ന വെബ് സീരിസ് റെക്കോഡുകളെല്ലാം കടപുഴക്കിയ ഗെയിം ഓഫ് ത്രോണ്‍സിന് ഇന്നും ആരാധകരേറെയാണ്. ഇതിന് തെളിവാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണ് ലഭിക്കുന്ന സ്വീകരണം. വെസ്റ്റോറോസ് എന്ന സാങ്കല്‍പിക ഭൂഖണ്ഡത്തിലെ ഹൗസ് ഓഫ് ഡ്രാഗണ്‍ എന്ന ഹൗസിന്റെ കഥയാണ് സീരിസ് പറയുന്നത്.

സീരിസിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മുമ്പ് വന്ന വീഡിയോയില്‍ പരിമിതമായാണ് ഡ്രാഗണുകളുള്ള ദൃശ്യങ്ങളുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഡ്രാഗണുകള്‍ തീ തുപ്പുന്ന രംഗങ്ങളാല്‍ സമ്പന്നമായ പ്രൊമോ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ആവേശത്തോടെയാണ് പ്രേക്ഷകര്‍ വീഡിയോ സ്വീകരിച്ചിരിക്കുന്നത്. വീഡിയോ റിലീസ് ചെയ്ത രണ്ട് മണിക്കൂറിനുള്ളില്‍ ആറ് ലക്ഷം കാഴ്ചക്കാരാണ് കണ്ടിരിക്കുന്നത്.

ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ പുസ്തകമായ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്. ഓഗസ്റ്റ് 21 ന് എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്‌സ് എന്നിവയില്‍ സീരിസ് പ്രക്ഷേപണം ആരംഭിക്കും. ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറാണ് സ്ട്രീമിങ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

പിതാവിന്റെ മരണശേഷം സഹോദരങ്ങളായ ഏഗോണ്‍ രണ്ടാമനും റെയ്‌നിറയും തമ്മിലുള്ള യുദ്ധമാണ് സീരിസിന്റെ ഇതിവൃത്തം. ഈ സംഘര്‍ഷം ടാര്‍ഗേറിയന്‍സിനെ വെസ്റ്റെറോസിലെ ഏറ്റവും ശക്തമായ ഹൗസാക്കി മാറ്റുന്നു. മിഗുവല്‍ സപോച്നിക് സംവിധാനം ചെയ്യുന്ന സീരിസില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2011ല്‍ ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് സീരിസില്‍ ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളുടെ അധികാര വടംവലിയാണ് കാണിച്ചത്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയണ്‍ ത്രോണ്‍’ അഥവാ ‘ലോഹസിംഹാസന’ത്തിനായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കിയത്.

എമിലിയ ക്ലാര്‍ക്ക്, സോഫി ടര്‍ണര്‍, കിറ്റ് ഹാരിങ്ടണ്‍, മൈസി വില്യംസ്, ലെന ഹെഡി, പീറ്റര്‍ ഡിങ്കലേജ്,റോബ് സ്റ്റാര്‍ക്ക്, നിക്കോളാജ് കോസ്റ്റര്‍ എന്നിവരാണ് ഗെയിം ഓഫ് ത്രോണ്‍സില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Content Highlight: House of Dragon promo video with scenes of dragons