കശ്മീര്‍ മുതല്‍ റഷ്യ വരെ; സീതാ രാമത്തിലെ മനോഹര ദൃശ്യങ്ങള്‍ ഒരുങ്ങിയത് ഇവിടെ; ബി.ടി.എസ് വീഡിയോ പുറത്ത്
Film News
കശ്മീര്‍ മുതല്‍ റഷ്യ വരെ; സീതാ രാമത്തിലെ മനോഹര ദൃശ്യങ്ങള്‍ ഒരുങ്ങിയത് ഇവിടെ; ബി.ടി.എസ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th August 2022, 7:42 pm

സമീപകാലത്ത് തെന്നിന്ത്യ കണ്ട ശ്രദ്ധേയമായ വിജയ ചിത്രമാണ് ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം. ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും നായികാനായകന്മാരായെത്തിയ ചിത്രം മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്. രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മനോഹരമായ ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ്. ഈ മനോഹര ദൃശ്യങ്ങള്‍ ചിത്രീകരിച്ച ലൊക്കേഷനുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹിമാചലിലെ കാസ, കസ്മീരിലെ സോന്‍ മാര്‍ഗ്, ശ്രീനഗറിലെ ഡല്ലാക്ക്, ഗുജറാത്ത്, ഹൈദരാബാദ്, റഷ്യ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഈ സ്ഥലങ്ങളിലെ ഷൂട്ടിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ട വീഡിയോയിലുണ്ട്.

അതേസമയം ചിത്രത്തെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത് വന്നിരുന്നു. സീതാ രാമം കണ്ടു, അഭിനേതാക്കള്‍ക്കായി ടെക്‌നിക്കല്‍ ഡിപാര്‍ട്ടമെന്റ് മനോഹരമായ വിഷ്വലുകളാണ് സൃഷ്ടിച്ചത്. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ചെന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.

സീതാ രാമത്തെ അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടിയും രംഗത്ത് വന്നിരുന്നു. സീതാ രാമത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അനുഷ്‌ക ഷെട്ടി അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരമായ സിനിമ എന്ന് പറഞ്ഞ അനുഷ്‌ക ഷെട്ടി സീതാ രാമത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായി അറിയിക്കുകയായിരുന്നു.

സീതാ രാമം സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. സീതാ രാമത്തിനായി സ്വപ്‌നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാന്‍ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു.

ഒരുപാട് കലാകാരന്‍മാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‌നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്മികയോടും സുമന്തിനോടും, വിശാലിനോടും പി.എസ്. വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: The makers have released the filmed locations of sita ramam