നേരംപോക്കിന് വന്ന് സിനിമയെടുത്ത് ഭാഗ്യത്തിന് സൂപ്പര്‍ഹിറ്റായി പോയ നിര്‍മാതാക്കളുണ്ട്; രസകരമായ അനുഭവം പങ്കുവെച്ച് വിജയ് ബാബു
Malayalam Cinema
നേരംപോക്കിന് വന്ന് സിനിമയെടുത്ത് ഭാഗ്യത്തിന് സൂപ്പര്‍ഹിറ്റായി പോയ നിര്‍മാതാക്കളുണ്ട്; രസകരമായ അനുഭവം പങ്കുവെച്ച് വിജയ് ബാബു
അശ്വിന്‍ രാജേന്ദ്രന്‍
Monday, 24th August 2026, 9:39 pm

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിര്‍മാതാവും അഭിനേതാവുമാണ് വിജയ് ബാബു. 1982ല്‍ പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് 2010 ന് ശേഷം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ്. താരത്തിന്റെ ആക്ടിങ് കരിയറില്‍ ഏറെ ഫാന്‍ബേസുള്ള കഥാപാത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ സര്‍ബത്ത് ഷമീര്‍. വിജയ് ബാബു തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. 2015 ല്‍ പുറത്തിറങ്ങിയ ആട് പരാജയമായിട്ടും പുറത്തിറക്കിയ രണ്ടും മൂന്നും ഭാഗങ്ങള്‍ മലയാള സിനിമ കണ്ട വലിയ വിജയങ്ങളാക്കി മാറ്റുന്നതില്‍ നിര്‍മാതാവായ വിജയ് ബാബു വലിയ പങ്ക് വഹിച്ചിരുന്നു.

വിജയ് ബാബു. Photo: X.com

അടുത്തിടെ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നേരംപോക്കിന് സിനിമയെടുക്കാന്‍ വന്ന ശേഷം ചിത്രം സൂപ്പര്‍ ഹിറ്റായ പ്രവാസി നിര്‍മാതാക്കളെ കുറിച്ച് വിജയ് ബാബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.


‘ഒരുപാട് എന്‍.ആര്‍.ഐ ഫ്രണ്ട്‌സ് എനിക്കുണ്ട്. പലപ്പോഴും അവരെ കാണുമ്പോള്‍ ഒരു സിനിമ ചെയ്യണമെന്നത് ആഗ്രഹമാണെന്ന് എന്നോട് പറയാറുണ്ട്. പ്രോഫിറ്റിന് ഒന്നും വേണ്ടിയല്ല. അത്തരത്തില്‍ ഒരുപാട് പേര്‍ ഇവിടെയുണ്ട്. പ്രൊഡ്യൂസര്‍ എന്ന പേരില്‍ അറിയപ്പെടാനാണ്. അവരുടെ വീട്ടിലും എഴുത്തുകാരെല്ലാം ഉണ്ട്. അവരുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും എല്ലാം ആളാവാന്‍ വേണ്ടിയാണ്. അല്ലാതെ ബിസിനസിന് വേണ്ടിയല്ല. നിങ്ങള്‍ നോക്കുകയാണെങ്കില്‍ മലയാളത്തില്‍ അത്തരത്തില്‍ ഓരോ വര്‍ഷവും പതിനഞ്ചോ ഇരുപേതാ ചിത്രങ്ങള്‍ റിലീസാകാറുണ്ട്.

വിജയ് ബാബു. Photo: X.com

കാരണം അവര്‍ അവധിയ്ക്ക് വരുമ്പോഴാണ് ആ ചിത്രം ചെയ്യുന്നത്. ആ രണ്ട് മാസത്തിനുള്ളില്‍ തന്നെ തീര്‍ക്കണം എനിക്ക് തിരിച്ച് പോകാനുള്ളതെന്നും നേരത്തേ പറയും. ഞാന്‍ ഒരിക്കല്‍ ചാനലില്‍ ഇരിക്കുമ്പോള്‍ ഒരു പടം സൂപ്പര്‍ ഹിറ്റായി. പടത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. ഞാനതിന്റെ ആള്‍ക്കാരെയെല്ലാം വിളിച്ച് ആരാണതിന്റെ നിര്‍മാതാവ് എന്നെല്ലാം അന്വേഷിച്ചു. അങ്ങനെ നിര്‍മാതാവിന്റെ നമ്പറെല്ലാം എടുത്ത് വിളിച്ചപ്പോള്‍ അദ്ദേഹം സൗദിയിലാണ്. പടം നല്ല അഭിപ്രായം വരുന്നുണ്ട് ചാനലിന് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം അദ്ദേഹം കളഞ്ഞിട്ട് പോയതായിരുന്നു. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ വിജയ് ബാബു പറഞ്ഞു.

Content Highlight: Vijay Babu talks about Lucky producers of Malayalam cinema

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.