വന്ദേമാതരം: കോൺഗ്രസ് തീരുമാനം ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് പുഷ്കർ സിങ് ധാമി
India
വന്ദേമാതരം: കോൺഗ്രസ് തീരുമാനം ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് പുഷ്കർ സിങ് ധാമി
കെ.എസ് ഷാബിന
Friday, 21st August 2026, 9:05 am

ഡെറാഡൂൺ: പാർട്ടി പരിപാടികളിൽ വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനം ദേശവിരുദ്ധമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. പാർട്ടി എപ്പോഴും പ്രീണന രാഷ്ട്രീയത്തിനായി ഇത്തരം നടപടികൾ സ്വീകരിക്കാരുടെന്നും അദ്ദേഹം ആരോപിച്ചു.

‘വന്ദേമാതരം ഭാഗികമായി മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനം ദേശവിരുദ്ധമാണ്, രാജ്യത്തിനുവേണ്ടി പുഞ്ചിരിയോടെ തൂക്കുമരം സ്വീകരിച്ച രക്തസാക്ഷികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുൻകാലങ്ങളിലും കോൺഗ്രസ് സമാന രീതിയിലുള്ള കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും, വന്ദേമാതരം മുഴുവനായും ആലപിച്ചാൽ ഭാരതത്തിന്റെ ദേവസങ്കല്പങ്ങളെ സ്തുതിക്കുന്നതിന് തുലയമാണെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോൺഗ്രസ് എല്ലായ്‌പ്പോഴും ഇത് തന്നെയാണ് ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിലും അവർ വന്ദേമാതരം പ്രീണനത്തിനായി വിഭജിച്ചു, ഇപ്പോൾ വന്ദേമാതരം മുഴുവനായും ആലപിച്ചാൽ അത് ഭാരതത്തിന്റെ ദേവന്മാരെയും ദേവതകളെയും സ്തുതിക്കുന്നതാണെന്ന് അവർ വീണ്ടും കരുതുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദേവഭൂമി’ എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിൽ ദേവീദേവതകളെ ആരാധിക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ അവരുടെ നേതൃത്വത്തോട് ആവശ്യപ്പെടണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ, വന്ദേമാതരത്തെ എതിർക്കുന്ന കോൺഗ്രസ് നയം ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്നും ബി.ജെ.പി യുടെ സംസ്ഥാന യൂണിറ്റ് പ്രസിഡണ്ട് മഹേന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു. ഈ തീരുമാനം ദേശീയ ഗീതത്തെയും ഭാരതമാതാവിനെയും അപമാനിക്കുന്നതാണെന്നും,
ഇത് പ്രീണന നയത്തിന്റെ അങ്ങേയറ്റം ആണെന്നതും ബി.ജെ.പിയുടെ രാജ്യസഭാ എം.പി അഭിപ്രായപ്പെട്ടു.

വന്ദേമാതരത്തോടുള്ള അനാദരവുമായി ബന്ധപ്പെട്ട സംഭവത്തിൽ, മുൻപ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര എടുത്തു നൽകിയതിനെ മാത്രമാണ് കോൺഗ്രസ് ന്യായീകരണമായി പറഞ്ഞിരുന്നതെന്ന് ഭട്ട് ആരോപിച്ചു. എന്നാൽ ഇപ്പോൾ വർക്കിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിലൂടെ കോൺഗ്രസ് ഈ നിലപാട് തങ്ങളുടെ ഔദ്യോഗിക നയമായി അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകിയത് തങ്ങളാണെന്ന കോൺഗ്രസിന്റെ അവകാശ വാദം ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Vande Mataram: Congress Decision Anti-National and Unconstitutional, Says Pushkar Singh Dhami

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.