തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന്റ സമാപന ചടങ്ങില്‍ വന്ദേ മാതരത്തിന്റെ എല്ലാ ഈരടികളും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ പ്രോട്ടോക്കോള്‍ പാലിക്കാനാണ് വന്ദേമാതരം എല്ലാ ഈരടികളും ആലപിച്ചതെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് സമാപന ചടങ്ങ് ഫ്‌ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, കെ.എ. തുളസി, സി.പി. ജോണ്‍, ബിന്ദു കൃഷ്ണ, റോജി എം. ജോണ്‍ എന്നിവര്‍ സമാപന ചടങ്ങിന്റെ വേദിയിലുണ്ടായിരുന്നു.
വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടെന്നും അതിനാലാണ് വന്ദേമാതരത്തിന്റെ എല്ലാ ഈരടികളും ചടങ്ങില്‍ പാടിയതെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
‘അവര്‍ രാജ്യത്ത് എവിടെ പരിപാടിയില്‍ പങ്കെടുത്താലും ആ പരിപാടിക്ക് തീരുമാനിച്ചിരിക്കുന്ന ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. അത് സംസ്ഥാനത്തിന് മാറ്റാന്‍ കഴിയില്ല. ഒരു സംസ്ഥാനത്തിനും അത് മാറ്റാന്‍ കഴിയില്ല. അത് ഇവിടെയും മാറ്റാന്‍ കഴിയില്ല,’ മന്ത്രി പറഞ്ഞു.
ആ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചടങ്ങുകള്‍ ആയിരിക്കും ഇവിടെ ഉണ്ടാവുക. ആ പ്രോട്ടോക്കോള്‍ പ്രകാരം വന്ദേ മാതരം മുഴുവനായി ആലപിക്കണമെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇത് നിലപാടിന്റെ പ്രശ്‌നമല്ലെന്നും പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
‘ഇത് നിലപാടിന്റെ പ്രശ്‌നമല്ല. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഇവര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍. അത് ഈ പറഞ്ഞ വന്ദേമാതരം ആലപിക്കുന്ന കാര്യം മാത്രമല്ല അവരുടെ പങ്കെടുക്കുന്ന ചടങ്ങിനെ സംബന്ധിച്ച് ഒരു നിശ്ചിത പ്രോട്ടോക്കോള്‍ ഉണ്ട്. ആ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ കാര്യങ്ങളും അവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഉണ്ടാകണം. അവരുടെ സെക്രട്ടറിയറ്റ് ആണ് അത് ഉറപ്പുവരുത്തുന്നത്. അത് അവര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്,’ വിഷ്ണു നാഥ് പറഞ്ഞു.
Content Highlight: Vande Mataram All Six Stanzas Recite in Kerala Onam Varaghosham Event
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.