വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് തീവ്ര ഹിന്ദുത്വത്തിന്റെ ഒളിച്ചുകടത്തല്‍: മുഖ്യമന്ത്രി
Kerala
വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് തീവ്ര ഹിന്ദുത്വത്തിന്റെ ഒളിച്ചുകടത്തല്‍: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 3:01 pm

തിരുവനന്തപുരം: വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അപരമത വിദ്വേഷവും വര്‍ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ആര്‍.എസ്.എസ് ഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടതെന്നും അദ്ദേഹം പറയുന്നു.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ച സംഭവം വിവാദമായതോടെ ദക്ഷിണ റെയില്‍വേ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പരിപാടിയുടെ വീഡിയോ നീക്കം ചെയ്തു. സംഭവത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് (ശനി) രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗീതം പാടിയത്. വാരണാസിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

Content Highlight: Vande Bharat’s inauguration ceremony witnessed the smuggling of radical Hindutva: Chief Minister