സി.പി.ഐ.എമ്മിനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് ശിവന്‍കുട്ടി; ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് ബിനോയ് വിശ്വം
Kerala
സി.പി.ഐ.എമ്മിനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് ശിവന്‍കുട്ടി; ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 11:49 am

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയെ ചൊല്ലി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേര്‍ക്കുനേര്‍.

ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പിലാക്കണമെന്ന് സി.പി.ഐ.എമ്മിനെ ആരും പഠിപ്പിക്കേണ്ടെന്നും എസ്.എസ്.കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ തനിക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീ മരവിപ്പിക്കാനുള്ള തീരുമാനം ആരുടെയെങ്കിലും ജയമോ പരാജയമോ അല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഒരു നയമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചിച്ച ശേഷം ഒരു തീരുമാനമെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസിന്റെ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ (ബുധന്‍) രാവിലെ പി.എം ശ്രീയിലെ ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

പിന്നാലെ സര്‍ക്കാരിന്റെ തീരുമാനം എല്‍.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ശിവന്‍കുട്ടിയുടെ പരാമര്‍ശം.

എന്നാല്‍ വി. ശിവന്‍കുട്ടിയുടെ നിലപാടിനോട് പ്രതികരിച്ച ബിനോയ് വിശ്വം, ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് മറുപടി നല്‍കി. പി.എം ശ്രീയിലെ ഇടത് രാഷ്ടീയത്തെ കുറിച്ച് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നെക്കാള്‍ എന്തുകൊണ്ടും അര്‍ഹതയുള്ളവരും അവകാശമുള്ളവരും എം.എ ബേബി, എം.വി. ഗോവിന്ദന്‍ എന്നിവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എന്‍.ഇ.പിയുമായി കൂട്ടിയിണക്കപ്പെട്ട പി.എം ശ്രീ എന്ന പദ്ധതി, ആര്‍.എസ്.എസ് വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം ഇവയെ കുറിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥിതിയെന്തെന്ന് പഠിപ്പിക്കാന്‍ ഈ നാട്ടില്‍ സി.പി.ഐ.എമ്മിന്റെ നേതാക്കളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തിന് അര്‍ഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷം അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ആ രാഷ്ട്രീയം ശിവന്‍കുട്ടിക്ക് മനസിലാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Content Highlight: V. Sivankutty and Binoy Viswam clash over PM Shri scheme