വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത്രമാത്രം, ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്‍: വി. ശിവന്‍കുട്ടി
Kerala News
വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത്രമാത്രം, ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്‍: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 8:00 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം.സി. ജോസഫൈനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

ജോസഫൈനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈനെന്ന് ശിവന്‍ കുട്ടി പറഞ്ഞു.

‘സഖാവ് എം.സി. ജോസഫൈന്റെ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. മരണം വരെ ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു സഖാവിന്റെ ജീവിതം. സ്വന്തം മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് കൈമാറണമെന്ന് സഖാവ് നേരത്തെ നിശ്ചയിച്ചിരുന്നു.

ഇപ്പോള്‍ ഈ വാക്കുകള്‍ ഇവിടെ കുറിക്കുന്നത് കടുത്ത വേദനയോടും അമര്‍ഷത്തോടും കൂടിയാണ്. സഖാവിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ ക്യാമ്പയിന്‍ കേരളീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. മരണാനന്തരവും സഖാവിനെതിരെ വേട്ടയാടല്‍ തുടരുകയാണ്.

ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോള്‍ അന്തരീക്ഷത്തില്‍ വിപ്ലവ മുദ്രാവാക്യമുയര്‍ന്നുള്ള വിടവാങ്ങല്‍ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കള്‍ നിറവേറ്റിയിട്ടുണ്ട്.

വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്‍,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ജോസഫൈന്റെ മരണത്തിന് പിന്നാലെയുള്ള സൈബര്‍ വിദ്വേഷത്തിനെതിരെ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ഉള്‍പ്പടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

എം.സി. ജോസഫൈന്‍ തന്റെ ശരീരത്തിന്റെ സാമൂഹിക ധര്‍മം നിറവേറ്റിയാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നതെന്നും വിദ്വേഷ കമന്റുകാര്‍ക്ക് നെഞ്ചില്‍ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെയും എങ്ങനെയാണ് കാണുകയെന്നും ദീപ ചോദിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ജോസഫൈന്റെ അന്ത്യം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Content Highlights:  V. Shivankutty in response to the hate propaganda against M.C. Josephine