എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗും വി.പി. സിംഗും വന്നിട്ടുണ്ട്; കെ. സുധാകരന് മറുപടിയുമായി കെ.വി. തോമസ്
Kerala News
എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗും വി.പി. സിംഗും വന്നിട്ടുണ്ട്; കെ. സുധാകരന് മറുപടിയുമായി കെ.വി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 6:11 pm

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് മറുപടിയുമായികെ.വി. തോമസ്. തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല മന്‍മോഹന്‍ സിംഗും വി.പി. സിംഗും വന്നിട്ടുണ്ടെന്ന് കെ.വി. തോമസ് പറഞ്ഞു.

കെ.വി. തോമസിന്റെ ഉടമസ്ഥതയിലുളള റിസോര്‍ട്ടിലാണ് യെച്ചൂരി താമസിക്കുന്നതെന്ന കെ. സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയായാണ് കെ.വി. തോമസ് ഇക്കാര്യം പറഞ്ഞത്.

‘സെമിനാറിനായി കണ്ണൂരിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് എന്തായി, എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗ് വന്നിട്ടുണ്ട്, വി.പി. സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ? സെമിനാറില്‍ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.സി.സി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതിയെന്ന് കെ.വി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.

ഏത് നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കെ.വി. തോമസ് വ്യക്തമാക്കി.

അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണ്, എനിക്ക് അല്ല അജണ്ട. നടപടി ആവശ്യപ്പെട്ട് കത്ത് കൊടുത്തവര്‍ക്കാണ് അജണ്ട. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തുപോലും എന്നെ അധിക്ഷേപിച്ചു, ഇത് ശരിയല്ലാത്ത നടപടിയാണ്. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.

Content Highlights: KV Thomas gives replies K Sudhakaran’s statement against him