ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് അവകാശപ്പെട്ടു. എന്നാല്‍ സിവിലിയന്‍ മേഖലകളും ആക്രമിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ പിന്തുണയുള്ള ഒരു അര്‍ധ സൈനിക വിഭാഗത്തിന് നേര്‍ക്ക് യു.എസും സൗദിയും സംയുക്ത സൈനിക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനിലെ യു.എസ് ആക്രമണം.
ഇന്നത്തെ ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) അറിയിച്ചു. യു.എസ് സേനക്കെതിരായ മിസൈല്‍ ആക്രമണ ശ്രമത്തിന് മറുപടിയായാണ് ആക്രമണെമെന്നും സെന്റ്കോം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സെന്റ് കോം അവകാശപ്പെടുന്നത്. സൈനിക കമാന്‍ഡ് സെന്ററുകള്‍, മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍, പ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയാണ് ആക്രമിച്ചതെന്നും സെന്റ്കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.
‘യു.എസ് സേനയ്ക്കും വാണിജ്യ കപ്പല്‍ ഗതാഗതത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാനും അവരുടെ ബിനാമികളും ഉയര്‍ത്തുന്ന ഭീഷണികള്‍ കൂടുതല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങള്‍,’ എന്നും സെന്റ്‌കോം പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ജൂലൈ 28ന് പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇറാന്‍ മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ യു.എസ് സൈന്യം തടഞ്ഞിരുന്നെന്നും സെന്റ് കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് സൈന്യം ഇന്ന് ഇറാനില്‍ ആക്രമണം നടത്തിയത്.
ഇറാനിലെ വിവിധ നഗരങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനിയന്‍ നഗരമായ അഹ് വാസില്‍ സ്‌ഫോടനങ്ങളുണ്ടായും പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖെഷം ദ്വീപിലും, ബന്ദര്‍ അബ്ബാസിലും ബുഷേഹ്ര്‍ പ്രവിശ്യയിലും അടക്കം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഖെഷം ദ്വീപില്‍ യു.എസ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ദ്വീപിലെ ദുരന്ത വിവാരണ വിഭാഗം അറിയിച്ചു. ഈ കുട്ടികളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ഇന്നലെ ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിനെതിരെ (പി.എം.എഫ്) യു.എസും സൗദിയും സംയുക്ത സൈനിക ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഈ ആക്രമണത്തെ ഇറാന്‍ നാഷനല്‍ കൗണ്‍സില്‍ അപലപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ പ്രാദേശിക പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് യു.എസ് – സൗദി സംയുക്ത സൈനിക നീക്കമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.സൗദി-യു.എസ് സംയുക്ത ആക്രമണത്തെ ഇറാനും അപലപിച്ചിരുന്നു.
പശ്ചിമേഷ്യന്‍ മേഖലയിലെ അമേരിക്കന്‍ സൈനിക സംഘങ്ങള്‍ക്ക് നേര്‍ക്കും സൗദിയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേര്‍ക്കും നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ തങ്ങള്‍ സംയുക്ത സൈനിക ആക്രമണം നടത്തിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡും സൗദി അറേബ്യയും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ എണ്ണ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് നേര്‍ക്ക് ഇറാന്‍ ആക്രമണമുണ്ടായതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.എസ്- സൗദി സംയുക്ത ആക്രമണം.
അതേസമയം, ഈജിപ്തിലെ ദാമിയെറ്റ തുറമുഖത്തിന് സമീപം മിസൈല്‍ ആക്രമണത്തില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് തീ പിടിച്ചതായി ബ്രിട്ടിഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രേ അറിയിച്ചു. എന്നാല്‍ ആരാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.
Content Highlight: US says launches ‘heavy waves of strikes’ on Iran
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.