യുദ്ധം, കുടിയിറക്കം, കാലാവസ്ഥാ വ്യതിയാനം; ലോകത്ത് സ്ഥിരവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് 78 മില്യണ്‍ കുട്ടികള്‍ക്കെന്ന് യു.എന്‍
World News
യുദ്ധം, കുടിയിറക്കം, കാലാവസ്ഥാ വ്യതിയാനം; ലോകത്ത് സ്ഥിരവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് 78 മില്യണ്‍ കുട്ടികള്‍ക്കെന്ന് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 5:06 pm

ജനീവ: ലോകത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമാകാതെയുള്ളത് 78 ദശലക്ഷം കുട്ടികളെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ക്ക് സ്ഥിര വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

അടിയന്തര ഘട്ടങ്ങളില്‍ വിദ്യാഭ്യാസത്തിനായി ദനസമാഹരണം നടത്തുന്ന യു.എന്‍ ഗ്ലോബല്‍ ഫണ്ട് എജുക്കേഷന്‍ കനോട്ട് വെയിറ്റ് പദ്ധതിക്ക് പിന്തുണയറിയിച്ച ഗുട്ടറസ്, ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നും പറഞ്ഞു.

ലോകത്ത് കുറഞ്ഞത് 222 മില്യണ്‍ കുട്ടികള്‍ക്കെങ്കിലും സ്ഥിര വിദ്യാഭ്യാസം നഷ്ടപ്പെടുന്നുണ്ട്. 18 രാജ്യങ്ങളും മറ്റ് സ്വകാര്യ പങ്കാളികളും സംയുക്തമായി 826 മില്യണ്‍ ഡോളര്‍ ഇ.സി.ഡബ്ല്യുവിനായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങള്‍ ആരായാലും, നിങ്ങള്‍ എവിടെ ജീവിച്ചാലും, ഏത് തടസ്സങ്ങള്‍ നിങ്ങളുടെ വഴിയില്‍ നിന്നാലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.

കൃത്യമായ സഹായം ലഭിക്കാത്ത പക്ഷം ബാലവേലക്ക് പോകേണ്ടി വരുന്ന, അല്ലെങ്കില്‍ സ്വയം വില്‍പനചരക്കാകേണ്ടി വരുന്ന പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടത്.

ഇവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. 2017ല്‍ സ്ഥാപിതമായതുമുതല്‍ 87000 അധ്യാപകരെ പദ്ധതിക്ക് കീഴില്‍ പരിശീലിപ്പിച്ചു. ഏഴ് ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനീവയില്‍ നടന്ന എജ്യുക്കേഷന്‍ കാനട്ട് വെയ്റ്റ് ഹൈ-ലെവല്‍ ഫിനാന്‍സിംഗ് കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: UN says more than 78 million students denied from proper education as wars emerge