മണലൂരില്‍ ഡീല്‍; കിറ്റ് വിവാദം പ്രതാപന്റെ ഒത്തുകളി; സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കോടികള്‍ വാങ്ങി വോട്ട് മറിച്ചു: കോണ്‍ഗ്രസ് നേതാവ്
Kerala
മണലൂരില്‍ ഡീല്‍; കിറ്റ് വിവാദം പ്രതാപന്റെ ഒത്തുകളി; സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കോടികള്‍ വാങ്ങി വോട്ട് മറിച്ചു: കോണ്‍ഗ്രസ് നേതാവ്
അനിത സി
Monday, 6th April 2026, 2:51 pm

തൃശൂര്‍: മണലൂരില്‍ വിജയിക്കാനായി ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ഡീലുണ്ടാക്കിയെന്ന് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്.

കഴിഞ്ഞദിവസം വാടാനപ്പള്ളിയിലുണ്ടായ കിറ്റ് വിവാദം പ്രതാപനും ബി.ജെ.പി നേതാക്കളും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമായുള്ള നാടകമാണെന്ന് ഫിറോസ് ആരോപിച്ചു.

പ്രതാപന്‍ ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനുമായാണ് ഡീലുണ്ടാക്കിയത്. മണലൂരില്‍ കോണ്‍ഗ്രസിനെ സഹായിച്ചാല്‍ ഗുരുവായൂരില്‍ തിരച്ച് സഹായിക്കാമെന്നാണ് ഡീലെന്നും അദ്ദേഹം സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാടാനപ്പള്ളിയില്‍ ബി.ജെ.പി കിറ്റ് വിതരണം ചെയ്യുന്ന സ്ഥലത്തേക്ക് ടി.എന്‍. പ്രതാപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബി.ജെ.പിക്കെതിരെ വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നതുമൊക്കെയാണ് കണ്ടത്. ജനങ്ങള്‍ അതൊക്കെ കഴിഞ്ഞദിവസം മാത്രമാണ് അറിഞ്ഞത്.

എന്നാല്‍, ഇക്കാര്യങ്ങള്‍ മൂന്നുദിവസം മുമ്പെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃത്വവും അറിഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം.

കാരണം അവിടെ മുസ്‌ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നമെന്നും ഫിറോസ് ആരോപിച്ചു.

കൂടാതെ, തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി എട്ട് കോടി വാങ്ങി പ്രതാപന്‍ ഡീലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വോട്ടുകള്‍ അദ്ദേഹം സുരേഷ് ഗോപിക്കായി മറിച്ചെന്ന് പറഞ്ഞ ഫിറോസ്, പതാപന്‍ രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബി.ജെ.പിയാണെന്നും പരിഹസിച്ചു.

ഇതിനെല്ലാം രേഖകളുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു. ‘സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്’, ഫിറോസ് തൃശൂരില്‍ പറഞ്ഞു.

Content Highlight: UDF candidate T.N. Prathapan made a deal with BJP to win in Manalur: Nattika Congress Block Committee Vice President Firoz

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.