200 കോടി നേടിയ ഇന്ത്യന്‍ സിനിമകള്‍ അഞ്ചെണ്ണം, അതില്‍ രണ്ടും മലയാളത്തിന്റെ മോഹന്‍ലാലിലൂടെ
Entertainment
200 കോടി നേടിയ ഇന്ത്യന്‍ സിനിമകള്‍ അഞ്ചെണ്ണം, അതില്‍ രണ്ടും മലയാളത്തിന്റെ മോഹന്‍ലാലിലൂടെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 4:43 pm

കഴിഞ്ഞവര്‍ഷം വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ഇന്ത്യന്‍ സിനിമകള്‍ക്കിടയില്‍ മലയാളം ഇന്‍ഡസ്ട്രി ചര്‍ച്ചയായിരുന്നു. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, പ്രേമലു, ആവേശം എന്നീ ചിത്രങ്ങള്‍ ഭാഷകള്‍ക്കുമപ്പുറം സംസാരവിഷയമായി. പല ഇന്‍ഡസ്ട്രികളും മോളിവുഡിനെ അത്ഭുതത്തോടെ നോക്കിക്കണ്ടു.

എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം മലയാളസിനിമക്ക് വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും അഞ്ച് മാസത്തിനുള്ളില്‍ കളക്ഷന്‍ റെക്കോഡുകള്‍ക്കിടയില്‍ മലയാളസിനിമ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഈ വര്‍ഷം സാമ്പത്തികപരമായി വലിയ വിജയം നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലെ ആദ്യ അഞ്ചില്‍ രണ്ടെണ്ണം മലായളത്തില്‍ നിന്നാണ് എന്നാണ് അഭിമാനിക്കാനുള്ള വിഷയം.

ഈ രണ്ട് സിനിമകളും മോഹന്‍ലാലിന്റേതാണെന്ന് അറിയുമ്പോള്‍ മോളിവുഡിനെ മോഹന്‍ലാല്‍വുഡ് എന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ വയ്യ. വിക്കി കൗശല്‍ നായകനായ ഛാവയാണ് ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം. ലക്ഷ്മണ്‍ ഉതേക്കര്‍ സംവിധാനം ചെയ്ത ഛാവ ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടി.

മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാനാണ് ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എമ്പുരാന്‍ 267 കോടിയാണ് സ്വന്തമാക്കിയത്. കേരള ബോക്‌സ് ഓഫീസിലെ പല കളക്ഷന്‍ റെക്കോഡുകളും എമ്പുരാന് മുന്നില്‍ മുട്ടുകുത്തി. കഴിഞ്ഞ വര്‍ഷം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയ 220 കോടി കളക്ഷന്‍ മറികടന്ന് ഇന്‍ഡസ്ട്രിയിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എമ്പുരാന്‍ തന്റെ പേരിലാക്കി.

അനില്‍ രവിപുടി സംവിധാനം ചെയ്ത് വെങ്കടേഷ് നായകനായെത്തിയ സംക്രാന്തികി വസ്തുന്നാം ഈ വര്‍ഷത്തെ അപ്രതീക്ഷിത വിജയമായി മാറി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഇത് മാറി. 235 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സെമി സ്പൂഫ് ഴോണറിലെത്തിയ ചിത്രം കുടുംബപ്രേക്ഷകര്‍ സ്വീകരിച്ച് വിജയിപ്പിച്ചു.

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് ലിസ്റ്റിലെ നാലാമന്‍. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രന്‍ തന്റെ ഇഷ്ടനടനെ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള സിനിമയായി ഗുഡ് ബാഡ് അഗ്ലി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 230 കോടി നേടിയാണ് റെഡ് ഡ്രാഗണ്‍ കളംവിട്ടത്.

മോഹന്‍ലാല്‍ നായകനായ തുടരും ആണ് ലിസ്റ്റിലെ അഞ്ചാമന്‍. ഈ ലിസ്റ്റില്‍ രണ്ട് സിനിമകളുള്ള ഒരേയൊരു താരവും മോഹന്‍ലാല്‍ തന്നെയാണ്. ഫാമിലി ഡ്രാമ എന്ന അവകാശവാദവുമായെത്തിയ ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ട്രീറ്റായിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനും താരവും ഒരുപോല തകര്‍ത്താടിയ ചിത്രമാണ് തുടരും. ബോക്‌സ് ഓഫീസില്‍ 200 കോടി സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു.

Content Highlight: Two out of Five films are in the name of Mohanlal in Highest Grossing Indian movies in 2025