മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖഷോഗ്ജി വധക്കേസ് അവസാനിപ്പിച്ച് തുര്‍ക്കി കോടതി
World News
മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖഷോഗ്ജി വധക്കേസ് അവസാനിപ്പിച്ച് തുര്‍ക്കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th June 2022, 10:06 am

ഇസ്താംബൂള്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തുര്‍ക്കി സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസ് തുര്‍ക്കി കോടതി ക്ലോസ് ചെയ്തു.

ജൂണ്‍ 22നാണ് എം.ബി.എസ് തുര്‍ക്കി സന്ദര്‍ശിച്ചത്. ഇതിന് അഞ്ച് ദിവസം മുമ്പായി ജൂണ്‍ 17ന് തുര്‍ക്കിയിലെ ഇസ്താംബൂള്‍ 11th ഹെവി പീനല്‍ കോര്‍ട്ട് ഖഷോഗ്ജി വധക്കേസ് അവസാനിപ്പിക്കുകയായിരുന്നു.

നിയമപരമായ കാരണങ്ങളാണ് കേസവസാനിപ്പിച്ചതിന് പിന്നില്‍ എന്നാണ് കോടതിയുടെ ന്യായീകരണം. കേസിലെ പ്രതികളെ സൗദി റിയാദിലെ ക്രിമിനല്‍ കോടതി വിചാരണ ചെയ്ത് ശിക്ഷ വിധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തുര്‍ക്കിയിലെ വിചരണ അനാവശ്യമാണെന്നുമാണ് ഇസ്താംബൂള്‍ കോടതി പറഞ്ഞത്.

റിയാദിലെ ക്രിമിനല്‍ കോടതിയുടെ ഫസ്റ്റ് ജോയിന്റ് ചേംബറില്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഈ പ്രസ്താവന.

അതേസമയം, തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു എം.ബി.എസിന്റെ തുര്‍ക്കി സന്ദര്‍ശനം.

ഇക്കഴിഞ്ഞ ഏപ്രിലില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സൗദി സന്ദര്‍ശിക്കുകയും സല്‍മാന്‍ രാജാവുമായും മകന്‍ എം.ബി.എസുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2018ലായിരുന്നു സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. അതിന് ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമായിരുന്നു ഇത്. അതിന് തൊട്ടുപിന്നാലെയാണ് എം.ബി.എസ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

ഖഷോഗ്ജിയുടെ വധത്തിന് ശേഷം ആദ്യമായാണ് സൗദി നേതാവ് തുര്‍ക്കിയും സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് എം.ബി.എസ്- എര്‍ദോഗന്‍ കൂടിക്കാഴ്ചയും നടന്നിരുന്നു.

വലിയ വിവാദമാകുകയും സൗദിയും തുര്‍ക്കിയും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു ജമാല്‍ ഖഷോഗ്ജിയുടെ വധം.

സൗദി സര്‍ക്കാരിലെ ഉന്നത വിഭാഗമാണ് ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് എര്‍ദോഗന്‍ ആരോപിച്ചിരുന്നെങ്കിലും പിന്നീട് വിമര്‍ശനങ്ങള്‍ നേര്‍പ്പിക്കുകയായിരുന്നു.

ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് അനുമതി നല്‍കിയതെന്ന് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

Content Highlight: Turkish court closed Jamal Khashoggi murder case ahead of Saudi crown prince MBS’s Turkey visit