മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും; വന്‍ സ്വീകരണമൊരുക്കാന്‍ വയനാട് ഡി.സി.സി
Kerala News
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും; വന്‍ സ്വീകരണമൊരുക്കാന്‍ വയനാട് ഡി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th June 2022, 9:32 am

കോഴിക്കോട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തും. ഈ മാസം 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിലായാണ് സന്ദര്‍ശനം.

പെട്ടെന്ന് തീരുമാനിച്ച സന്ദര്‍ശനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാഹുലിന് വമ്പന്‍ സ്വീകരണമൊരുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.

അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ അറസ്റ്റിലായത്. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ ഇന്ന് യു.ഡി.എഫ് റാലിയും പ്രതിഷേധയോഗവും നടക്കും.

ഇന്ന് മൂന്ന് മണിക്ക് യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തും. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന മഹാറാലി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് യു.ഡി.എഫ് യോഗം ചേരും.

അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി കല്‍പറ്റ ഡി.വൈ.എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയില്‍ വലിയ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാം അല്‍പസമയത്തിനകം വയനാട്ടിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്രമസംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയെ തള്ളിപ്പറയുന്ന രീതിയില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവും രംഗത്തെത്തിയിരുന്നു.

Content Highlight: Rahul Gandhi to visit Wayanad for a three day visit