ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ല; 50 വര്‍ഷം നിലനിന്ന വിധിയെ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീംകോടതി
World News
ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ല; 50 വര്‍ഷം നിലനിന്ന വിധിയെ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2022, 10:04 pm

വാഷിങ്ടണ്‍ ഡി.സി: ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യു.എസ് സുപ്രീം കോടതി. ഏകദേശം 50വര്‍ഷം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതി പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തിരുത്തിയത്.

നോര്‍മ മക്കോര്‍വ് എന്ന 22കാരിയായ യു.എസ് വനിത നടത്തിയ നിയമപോരാട്ടങ്ങളിലാണ് യു.എസില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള വിധി വന്നത്.

തൊഴില്‍രഹിതയും, അവിവാഹിതയുമായ നോര്‍മ 1969ല്‍ മൂന്നാംതവണയും ഗര്‍ഭിണിയായിരുന്നു. ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് നോര്‍മ നിയമപോരാട്ടങ്ങള്‍ നടത്തിയെങ്കിലും പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ശേഷം നോര്‍മ തന്റെ കുഞ്ഞിനെ ദത്തെടുക്കാന്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് യു.എസില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമായത്.

ഗര്‍ഭച്ഛിദ്രത്തിലൂടെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള സ്ത്രീയുടെ അവകാശം അമേരിക്കന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു യു.എസ് സുപ്രീം കോടതിയുടെ മുന്‍പിലുണ്ടായ പ്രധാന ചോദ്യം. ഹരജി ഫയല്‍ ചെയ്തതോടെ ഗര്‍ഭം ധരിച്ച് ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള തീരുമാനം സ്ത്രീയ്ക്കും അവരെ പരിചരിക്കുന്ന ഡോക്ടര്‍ക്കും വിടണമെന്നായിരുന്നു 1973ലെ കോടതിയുടെ വിധി.

എന്നാല്‍ നിലവിലെ വിധി പ്രകാരം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതും അനുവദിക്കാതിരിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കാം എന്നാണ്.

പുതിയ വിധിയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും വിധിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. 50 വര്‍ഷം നിലനിന്ന ചരിത്രവിധി തിരുത്തുക മാത്രമല്ല, ഒരാളുടെ വ്യക്തിപരമായ തീരുമാനത്തെ ചോദ്യം ചെയ്യുക കൂടിയാണെന്ന് ബരാക് ഒബാമ ട്വിറ്ററില്‍ കുറിച്ചു.

Content Highlight: US Supreme Court Strikes Down Abortion Rights, Overturns Landmark Ruling