സാരമില്ല യഷ് ഭായി, ടോക്‌സിക്കിനായി ഞാന്‍ കാത്തിരിക്കുകയാണ്; രാംചരണിനെ വിടാതെ ട്രോളന്മാര്‍
Indian Cinema
സാരമില്ല യഷ് ഭായി, ടോക്‌സിക്കിനായി ഞാന്‍ കാത്തിരിക്കുകയാണ്; രാംചരണിനെ വിടാതെ ട്രോളന്മാര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 24th May 2026, 11:11 pm

ഒരൊറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയാകെ നിറഞ്ഞ സംഭവമായിരുന്നു പെദ്ദിയുടെ പ്രൊമോഷനിടിയില്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണിന് പറ്റിയ അബദ്ദം. മധ്യപ്രദേശിലെ ഭോപ്പാലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ്ബൗളര്‍ ജസ്പ്രീത് ബുംറയെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു താരത്തെ ട്രോളന്മാര്‍ എയറില്‍ കയറ്റാന്‍ കാരണമായത്.

സ്‌പോര്‍ട്ട് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന പെദ്ദിയില്‍ ക്രിക്കറ്റ് താരമായാണ് രാംചരണ്‍ വേഷമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ബുംറയെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ബുംറാ ജീ, ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്. എനിക്ക് ഫുട്ബോള്‍ വലിയ ഇഷ്ടമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ഇത്രയും മുന്നോട്ട് വന്നത് നിങ്ങള്‍ കാരണമാണ്. ലവ് യൂ സാര്‍’ എന്നായിരുന്നു രാംചരണിന്റെ മറുപടി. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ ഫുട്‌ബോളര്‍ എന്ന് വിളിച്ചതോടെ ഒട്ടനവധി പേരാണ് താരത്തിന് ട്രോളുമായി രംഗത്തെത്തിയത്.

രാംചരണ്‍. Photo: X.com

തൊട്ട് പിന്നാലെ താരം ക്ഷമാപണവുമായി എത്തിയെങ്കിലും ട്രോളന്മാര്‍ വെറുതെയിരിക്കാന്‍ തയ്യാറായില്ല. ജസ്പ്രീത് ബുംറയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും താരത്തിന്റെതെന്ന പോലെ എഴുതിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ജസ്പ്രീത് ബുംറയെ ഫുട്‌ബോളറാക്കിയപ്പോള്‍ രാം ചരണിനെ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് ആക്കിയും അദ്ദേഹത്തിന്റെ പെദ്ദി ചിത്രത്തിന് പകരം ടോക്‌സിക്ക് ആക്കിയുമാണ് ട്രോളന്മാരുടെ മറുപടി.

സാരമില്ല യഷ് ഭായി, ഞാനും നിങ്ങളുടെ വലിയ ആരാധകനാണ്. പുറത്തിറങ്ങാനിരിക്കുന്ന ടോക്‌സിക്കിനായി ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു ഫേക്ക് അക്കൗണ്ടില്‍ നിന്നുമുള്ള ട്രോള്‍. ഇതിനൊപ്പം ചടങ്ങില്‍ രാം ചരണ് പറ്റിയ മറ്റൊരു അബദ്ധവും ഇവര്‍ കുത്തിപൊക്കി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ചടങ്ങിലെ കാണികളെ ബിഹാറിലെ ജനങ്ങളെന്നായിരുന്നു താരം അഭിസംബോധന ചെയ്തത്. പിന്നീടിത് അവതാരകന്‍ തിരുത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ആര്‍.ആര്‍.ആറിനും ഗെയിം ചെയ്ഞ്ചറിനും ശേഷം രാം ചരണ്‍ നായകനാകുന്ന പെദ്ദി ജൂണ്‍ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Troll for Ramcharan even after apologizing in Bumrah issue

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.