സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷയുടെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് റിലീസിന് തയാറെടുക്കുകയാണ്.
മലയാളത്തിലെ തന്റെ ഇഷ്ടനടനെക്കുറിച്ച് സംസാരിക്കുകയാണ് തൃഷ. സംശയമില്ലാതെ പറയാന്‍ പറ്റുന്നത് ഫഹദ് ഫാസിലിന്റെ പേരാണെന്നും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്ന് തൃഷ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ഏത് ഴോണറായാലും എന്ത് വേഷമായാലും തനിക്ക് കുഴപ്പമില്ലെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.
ഓരോ സിനിമ കഴിയുന്തോറും അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദെന്നും ഏത് ഴോണറും അയാള്‍ക്ക് അനായാസമാണെന്നും താരം പറഞ്ഞു. ഈയടുത്ത് ഫഹദ് നായകനായെത്തിയ ആവേശം തനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്നും അതിലെ പ്രകടനം താന്‍ ഒരുപാട് ആസ്വദിച്ചെന്നും തൃഷ പറയുന്നു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഏതെങ്കിലും മലയാള നടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ലാതെ ഞാന്‍ ഫഹദിന്റെ പേര് പറയും. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് അദ്ദേഹം. ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിപ്പോള്‍ ഏത് ഴോണറിലുള്ള സിനിമയാണെങ്കിലും എത്ര ചെറിയ വേഷമാണെങ്കിലും കുഴപ്പമില്ല.
ഓരോ സിനിമ കഴിയുന്തോറും നമ്മളെയെല്ലാം ഫഹദ് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏത് ഴോണറും സിമ്പിളായി അയാള്‍ ചെയ്ത് വെക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം റിലീസായ ആവേശം. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. എന്ത് രസമായാണ് ഫഹദ് ആ സിനിമയില്‍ പെര്‍ഫോം ചെയ്തത്. ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു,’ തൃഷ പറഞ്ഞു.