സിനിമാപ്രേമികൾ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരുമിൻ്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രജപുത്ര വിഷ്വൽ മീഡിയാ ചാനൽ വഴിയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. തരുൺ മൂർത്തി സംവിധാനവും എം. രഞ്ജിത്ത് നിർമാണവും നിർവഹിച്ച ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് കെ. ആർ സുനിൽ, തരുൺ മൂർത്തി എന്നിവരാണ്. മോഹൻലാൽ, ശോഭന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ വിൻ്റേജ് ലുക്കിലാണ് മോഹൻലാലിനെ കാണിച്ചിരിക്കുന്നത്. ഒരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് സസ്പെൻസ് ചിത്രമായിരിക്കും തുടരും എന്നാണ് ട്രെയ്‌ലറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. കോമഡിയിലൂടെയാണ് തുടക്കമെങ്കിലും അവസാനം സസ്പെൻസുകൾ കാണിക്കുന്നുണ്ട്.
ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അംബാസിഡർ കാറും ഷൺമുഖവും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ബിനു പപ്പു, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് ചിത്രത്തിൽ.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തുടരും ചിത്രത്തിന്. അതുകൊണ്ട് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ്.