ഒമ്പത് വര്‍ഷമായി പലര്‍ക്കും തീര്‍ക്കാന്‍ പറ്റാത്ത പുലിമുരുകന്‍ കളക്ഷന്‍, ഒരു മാസത്തെ ഗ്യാപ്പില്‍ രണ്ടുവട്ടം മറികടന്ന് മോഹന്‍ലാല്‍
Entertainment
ഒമ്പത് വര്‍ഷമായി പലര്‍ക്കും തീര്‍ക്കാന്‍ പറ്റാത്ത പുലിമുരുകന്‍ കളക്ഷന്‍, ഒരു മാസത്തെ ഗ്യാപ്പില്‍ രണ്ടുവട്ടം മറികടന്ന് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 7:20 pm

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി എന്ന യുവസംവിധായകന്റെ കൈയില്‍ തന്റെ ഇഷ്ടനടനെ കിട്ടിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള സിനിമയാണ് ലഭിച്ചത്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച സിനിമയായി തുടരും മാറി.

റിലീസ് ചെയ്ത് പത്താം ദിനം തന്നെ 150 കോടി കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ് തുടരും. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ തുടരും റെക്കോഡ് കളക്ഷനിലേക്കാണ് കുതിക്കുന്നത്. മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ പുലിമുരുകന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ ഇതിനോടകം തുടരും മറികടന്നു.

138 കോടിയാണ് പുലിമുരുകന്‍ ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 80 കോടിയോളം ചിത്രം നേടുകയും ചെയ്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഇന്ത്യയില്‍ മറ്റെല്ലായിടത്തും ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ബാഹുബലി 2 കേരളത്തില്‍ മാത്രം മുരുകന്റെ മുന്നില്‍ മുട്ടുകുത്തിയത് വലിയ വാര്‍ത്തയായിരുന്നു.

വന്‍ ബജറ്റിലെത്തിയ പല ചിത്രങ്ങള്‍ക്കും പുലിമുരുകന്റെ കേരള കളക്ഷന്‍ മറികടക്കാനായിരുന്നില്ല. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ഈ കളക്ഷന്‍ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. പിന്നീട് മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ആടുജീവിതം എന്നീ സിനിമകള്‍ പുലിമുരുകന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ മറികടന്നിരുന്നു.

ഈ വര്‍ഷം എമ്പുരാനിലൂടെ തന്റെ പഴയ ഫോം മോഹന്‍ലാല്‍ വീണ്ടെടുത്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 83 കോടി നേടിയ ചിത്രം വേള്‍ഡ്‌വൈഡായി 265 കോടിയും സ്വന്തമാക്കി. ഇപ്പോഴിതാ ഒരു മാസത്തെ വ്യത്യാസത്തില്‍ തുടരും എന്ന സാധാരണ ചിത്രത്തിലൂടെ മുരുകനെ രണ്ടാം വട്ടവും മോഹന്‍ലാല്‍ മറികടന്നിരിക്കുകയാണ്. തുടര്‍ച്ചയായി 10 ദിവസം കേരളത്തില്‍ നിന്ന് ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനും ചിത്രത്തിനായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളസിനിമ കൂടിയാണ് തുടരും.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2.7 മില്യണ്‍ ടിക്കറ്റുകള്‍ ഇതിനോടകം ചിത്രം വിറ്റഴിച്ചു. മോഹന്‍ലാലിന്റെ തന്നെ എമ്പുരാനാണ് ഒന്നാം സ്ഥാനത്ത് 3.2 മില്യണ്‍ ടിക്കറ്റുകളാണ് എമ്പുരാന്‍ വിറ്റഴിച്ചത്. മലയാളസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് തന്റെ അപ്രമാദിത്വം തുടരുന്ന മോഹന്‍ലാല്‍ ഈ കുതിപ്പ് തുടരും എന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Thudarum crossed worldwide collection of Pulimurugan