രാവിലെ സെറ്റില്‍ എത്തിയതും ലാലേട്ടന്‍ എന്നോട് പറഞ്ഞത് കേട്ട് എല്ലാവരും സ്റ്റക്കായി: അമൃത വര്‍ഷിണി
Entertainment
രാവിലെ സെറ്റില്‍ എത്തിയതും ലാലേട്ടന്‍ എന്നോട് പറഞ്ഞത് കേട്ട് എല്ലാവരും സ്റ്റക്കായി: അമൃത വര്‍ഷിണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 10:27 am

മോഹന്‍ലാലിനൊപ്പമുള്ള തുടരും ലൊക്കേഷനിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ കഥാപാത്രം അവതരിപ്പിച്ച നടി അമൃത വര്‍ഷിണി.

മോഹന്‍ലാല്‍, ശോഭന തുടങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങള്‍ക്കൊപ്പം തന്നെ ആദ്യ സിനിമ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് അമൃത.

ഒപ്പം മോഹന്‍ലാലില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചും താരം റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ ഒരു ദിവസം രാവിലെ ആറ് മണിക്ക് ഞാന്‍ സെറ്റില്‍ എത്തി. ലാലേട്ടനൊപ്പമുള്ള സീനാണ് എടുക്കേണ്ടത്. ഞാന്‍ ഡ്രസൊക്കെ മാറി. ഉറങ്ങി എണീറ്റ ശേഷമുള്ള ഒരു സീനാണ് കാണിക്കുന്നത്.

ഞാന്‍ മേക്കപ്പൊക്കെ ചെയ്ത് അവിടെ ഇരുന്നു. ഭക്ഷണം കഴിച്ചോ എന്താ കഴിക്കാത്തത് എന്നൊക്കെ ക്രൂവിലുള്ളവര്‍ ചോദിക്കുന്നുണ്ട്. അതിന് ശേഷം ഞാനിങ്ങനെ കഴിച്ചോണ്ടിരിക്കുകയാണ്. ഞാനും അമ്മയും ബ്രദറും ഉണ്ട്.

തലേദിവസം എന്റെ അമ്മ എന്നോട് ലാലേട്ടനൊപ്പം ഒരു ഫോട്ടോ കിട്ടാന്‍ വഴിയുണ്ടോ എന്ന് ചോദിച്ചിരുന്നു. കോസ്റ്റിയൂം ആയതുകൊണ്ട് എടുക്കാന്‍ പറ്റാത്ത പ്രശ്‌നമുണ്ട്.

അങ്ങനെ ഞാന്‍ കഴിച്ചോണ്ടിരിക്കുകയാണ്. അപ്പോള്‍ തന്നെയുണ്ട് ലാലേട്ടന്‍ ചാടി വന്നിട്ട് അമൃത എവിടെ, എനിക്ക് അമൃതയുടെ കൂടെ ഫോട്ടോ എടുക്കണം എന്ന് പറയുന്നു.

ഞാനിങ്ങനെ അയ്യോ ഇതെന്താണിത് എന്ന് കരുതി ഇരിക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുക്കണം എന്നോ. ബിനു ചേട്ടനൊക്കെ ഇങ്ങനെ നോക്കുന്നു ഇതെന്താണെന്ന മട്ടില്‍. എല്ലാവരും സ്റ്റണ്ട് ആയിപ്പോയി.

ഞാന്‍ പകുതി കഴിച്ചിട്ടേയുള്ളൂ. ഉടന്‍ തന്നെ എണീറ്റ് കയ്യൊക്കെ കഴുകി മുടിയൊക്കെ നേരെയാക്കി. വാ എനിക്ക് അമൃതയുടെ കൂടെ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞിട്ട് എന്നെ വിളിച്ച് ഫോട്ടോ എടുത്തു.

അമ്മയുടെ കൂടെ എടുത്തു. ആദിയെ കെട്ടിപ്പിടിച്ചിട്ടാണ് ഫോട്ടോ എടുത്തത്. ഭയങ്കര സന്തോഷമായിരുന്നു. അതിന് ശേഷം സാര്‍ വേഗം ഡ്രസ് മാറിയ ശേഷമാണ് ആ പൈസ മോഷ്ടിക്കുന്ന ഷോട്ട് എടുത്തത്.

അപ്പോഴേക്കും ടെന്‍ഷന്‍ റിലീഫ് ആയി. ആ സീനില്‍ എനിക്ക് ഡയലോഗ് ഉണ്ടായിരുന്നല്ലോ. പക്ഷേ കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റി. ഡയലോഗ് ഓര്‍ത്തുവെക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ ഡയലോഗ് ഡെലിവെറി ചിലപ്പോള്‍ ബുദ്ധിമുട്ടാകും.

സ്ലാംഗ് ഒക്കെ വന്നുപോകും. ഒരു പത്തനംതിട്ട സ്ലാംഗ് ആണല്ലോ വേണ്ടത്. ഞാന്‍ കൊയിലാണ്ടിക്കാരിയല്ലേ. വന്നിക്കി, പോയിക്കി, എന്തായിനു അങ്ങനെ കുറേ കുറേ സംഭവങ്ങള്‍ വരും. പിന്നെ മലയാളത്തില്‍ അത്ര ഫ്‌ളുവെന്‍സി ഇല്ലാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു,’ അമൃത പറയുന്നു.

Content Highlight: Thudarum Actress Amrutha Varshini Share a moment with Mohanlal